19 January, 2016 06:21:18 PM
ഉദ്യോഗസ്ഥ രാജ് ഉടന്‍ അവസാനിപ്പിക്കണം
കേന്ദ്ര സര്‍ക്കാര്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യാ കര്‍മ്മ പദ്ധതി പ്രഖ്യാപിച്ചു. 2016 ഏപ്രിലില്‍ നിലവില്‍ വരുന്ന നിലക്കാണ് പദ്ധതിയുടെ നിര്‍വ്വഹണം. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന വ്യവസായങ്ങള്‍ ഒരൊറ്റ ദിവസം കൊണ്ടു രജിസ്ററര്‍ ചെയ്യാവുന്ന സംവിധാനമാണിത്. പുതിയ സംരംഭങ്ങളായിരിക്കണം .അതായതു നിലവിലുള്ള സ്ഥാപനങ്ങള്‍ ഉടച്ചു വാര്‍ത്തോ പിളര്‍ത്തിയോ ഉണ്ടാക്കുന്ന സംരംഭങ്ങള്‍ ആയിരിക്കരുത്. പുതു വ്യവസായങ്ങള്‍ക്ക് മൂന്നു കൊല്ലത്തേക്ക് ആദായ നികുതി ബാധകമായിരിക്കില്ല.
ചുരുക്കം പറഞ്ഞാല്‍ നിയന്ത്രണങ്ങളുടെ ലോകത്ത് നിന്ന് അനാവശ്യ നിയന്ത്രണങ്ങളില്ലാത്ത പുതുയുഗത്തിലേക്ക് രാജ്യം ചുവടു വയ്ക്കുകയാണ്. നമ്മുടെ നാട്ടിലെ ചുവപ്പ് നാടകള്‍ക്ക് അറുതി വരുത്താന്‍ ഇത്തരം സംവിധാനങ്ങള്‍ ആവശ്യം തന്നെയാണ്. ഇതിന്‍റെ വ്യാപനം എല്ലാ മേഖലകളിലും ഉണ്ടാവണം. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തില്‍ നിന്ന് ജനങ്ങള്‍ക്കു യഥാര്‍ത്ഥ വിമോചനമാണ് ഇത്തരം നടപടികള്‍.
ബി എസ് എന്‍ എല്ലിന്‍റെ ബില്‍ തുക ഇന്ത്യയില്‍ എവിടെയും അടക്കുവാനുള്ള സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. ബാങ്കിട പാടുകള്‍ക്ക് ഇപ്പോള്‍ അക്കൗണ്ട് ഉള്ള ശാഖയില്‍ തന്നെ ചെല്ലണമെന്നില്ല.. വൈകിയാണെങ്കിലും ,നമ്മുടെ വൈദ്യുതി ബില്ലടക്കാനു൦ ഇത്തരം സൗകര്യം വരുന്നുണ്ട്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഒരാള്‍ക്ക് എറണാകുളത്തെ വീടിന്‍റെ കരം അടക്കാന്‍ തിരുവനന്തപുരത്ത് കഴിയുമ്പോഴേ ഭരണം പുരോഗമിച്ചു എന്ന് പറയാനാകൂ.
വിവാഹ രജിസ്ട്രേഷനും മറ്റും കേരളത്തില്‍ വലിയൊരു 'ചടങ്ങ്' തന്നെയാണ്. ഇതര സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ വളരെ ലളിതമാണ്. വരനും വധുവും അവരുടെ മാതാപിതാക്കളും 'സാന്നിധ്യം കൊണ്ടു' സഹകരിക്കേണ്ട അവസ്ഥയാണിവിടെ. ഓഫീസുകള്‍ ഇത്തരക്കാരെ കൊണ്ട് നിറക്കണമോ? തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പലയിടത്തും പല നിയമമാണ്. ചിലയിടത്തു സമുദായത്തിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി വേണം ! ഇത്തരം നൂലാമാലകള്‍, കുരുക്കുകള്‍ മാറ്റിയേ പറ്റൂ..
അതുപോലെ തന്നെ ഫോറങ്ങള്‍ പൂരിപ്പിച്ചു പൂരിപ്പിച്ചു മനുഷ്യര്‍ സഹികെടുന്ന അവസ്ഥയാണ്. ആധാര്‍ കാര്‍ഡു കിട്ടിയപ്പോഴെങ്കിലും ഇത്തരം ഫോറം പൂരിപ്പിക്കലുകള്‍ ഒടുങ്ങുമെന്നു കരുതിയവര്‍ മണ്ടന്മാരായി ! ഫോറങ്ങള്‍ ഒഴിവാക്കാനും അതിനു കഴിയാത്തതു വളരെ സരളമാക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഴഞ്ചന്‍ നിയമങ്ങള്‍ എടുത്തുകളയാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ ഉത്സാഹം കാട്ടിയാലേ ഇന്നാട്ടിലെ പൗരന്മാര്‍ക്ക് അത് സഹായം ആകൂ.
ബി ജെ പിക്ക് തൊഴിലാളി സംഘടന ഇല്ലാത്തത് കൊണ്ട് ഇങ്ങനെ നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുന്നു. പലരും കരുതി വച്ചിരിക്കുന്നതു പോലെ ബി എം എസ്, ബി ജെ പിയുടെ തൊഴിലാളി സംഘടനയല്ല. ബി ജെ പി ഉണ്ടാകുന്നതിനു മുമ്പേ ബി എം എസ് ഉണ്ട്! കമ്മ്യുണിസ്റ്റ് പാര്‍ടികള്‍ക്കും കോണ്ഗ്രസ്സിനും അവരുടെ തൊഴിലാളികളെ / ജീവനക്കാരെ പിണക്കാന്‍ ആവില്ല. അതുകൊണ്ടാണ് ജീവനക്കാരെ മുഖവിലക്കെടുക്കാതെ ഇത്തരം പരിഷ്ക്കാരങ്ങള്‍ കേരളത്തില്‍ ചെയ്യാനാവാത്തത്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ ചെയ്യാനാവുന്നത്.
ജനങ്ങളെ സര്‍ക്കാര്‍ ജീവനക്കാരുടെ പിടിയില്‍ നിന്നു മോചിപ്പിക്കാന്‍ പണ്ട് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു അക്ഷയപോലുള്ള സംവിധാനങ്ങള്‍ കൊണ്ട് വന്നു. ജനങ്ങള്‍ക്ക് സമാശ്വാസംകിട്ടിയെന്നത് നേര്. പക്ഷെ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ നായിഡുവും പാര്‍ട്ടിയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നു ! അതാണ് ജീവനക്കാരെ പിണക്കിയാലുള്ള 'സമ്മാനം'.
ഇവിടെ നടമാടുന്ന 'ഉദ്യോഗസ്ഥ രാജ്' അടിയന്തിരമായി അവസാനിപ്പിക്കാന്‍ ഇച്ഛാശക്തിയുള്ള നേതൃത്വത്തെയാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്. ആ കാത്തിരിപ്പ് സഫലമാകാന്‍ വരും തെരെഞ്ഞെടുപ്പിലെങ്കിലും ഉപകരിക്കും എന്ന് പ്രതീക്ഷിക്കാം.