17 August, 2019 12:03:19 AM
കള്ള കര്‍ക്കിടകം വിട വാങ്ങി; ഓണക്കാലത്തിന്‍റെ വരവറിയിച്ച് പ്രതീക്ഷകളുടെ ചിങ്ങപ്പുലരി
കാറും കോളും നിറഞ്ഞ കള്ള കര്‍ക്കിടകം വിട വാങ്ങി. വീണ്ടും ഒരു ഓണക്കാലത്തിന്‍റെ വരവറിയിച്ച് ചിങ്ങം പിറന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചിങ്ങം പുലരുന്നത് മലയാളികളുടെ മനസില്‍ വന്‍ മുറിവേല്‍പ്പിച്ചുകൊണ്ടാണ്. പ്രകൃതിയുടെ താണ്ഡവം ജീവന്‍ അപഹരിച്ചവരുടെ കുടുംബങ്ങള്‍ ഒരു വശത്ത്. എല്ലാം നഷ്ടപ്പെട്ട് ഭാവിയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന മറ്റൊരു വിഭാഗം മറുവശത്ത്. ഇതിനിടെ ഓണം ആഘോഷിക്കണോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനില്‍ക്കുകയാണ് സര്‍ക്കാരും ജനങ്ങളും.
എങ്കിലും പഴയകാല ഓര്‍മ്മകള്‍ അയവിറക്കാനും കുടുംബാംഗങ്ങളുമായി ഒത്തുകൂടാനും ഒരു വേദിയായി ഓണത്തെ കാണുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം അത് നഷ്ടപ്പെടുത്താന്‍ ഒരുക്കവുമല്ല. ചിങ്ങം ഒന്നിന് മുമ്പ് തന്നെ പ്രളയഭീഷണി ഒഴിഞ്ഞത് ഓണക്കാലത്തെ അധികം ബാധിക്കില്ലെന്ന കണക്കുകൂട്ടലിലാണ് ഏവരും. അറയും പറയും നിറയുന്ന പൊന്നിന്‍ ചിങ്ങമാസത്തില്‍ പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസിലുള്ളത് ഒരിക്കലും വറ്റാത്ത വികാരമാണ്.
മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളിയുടെ മനസിലെ മായാത്ത സ്മരണകളാണ്. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം കൂടിയാണ് ചിങ്ങം. നിറയെ പൂത്തു നില്‍ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം മാവേലി മന്നനായി കാത്തിരിക്കുന്നു.
അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള്‍ തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വാണ ആ പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കട്ടെ. തുഞ്ചന്റെ കിളിമകള്‍ പാടി വളര്‍ത്തിയ മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍