23 May, 2019 02:12:48 PM


എല്‍ഡിഎഫ് നട്ട മരം വെള്ളമൊഴിച്ച് ബിജെപി വളര്‍ത്തി; 'കായ്' പറിച്ച് നേട്ടം കൊയ്തത് യുഡിഎഫ്



മരം നട്ടവനെയും വെള്ളമൊഴിച്ച് വളര്‍ത്തിയവനെയും കടത്തിവെട്ടി മൂന്നാമന്‍ കായ് പറിച്ചെടുത്തതിന് സമാനമാകുകയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. ഏറെക്കുറെ മതേതരമായിത്തന്നെ ചിന്തിച്ചു പോന്നിരുന്ന, തെരഞ്ഞെടുപ്പുകളിൽ വിധിയെഴുത്ത് നടത്തിപ്പോന്ന കേരളത്തിലെ ജനതയെ മതത്തിന്‍റെ പേരിൽ വിഭജിച്ചുകൊണ്ട് കടന്നുവന്ന വിഷയമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശം. 


സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിൽ എൽഡിഎഫ് സർക്കാർ കാണിച്ച ശുഷ്‌കാന്തിയും അതിനെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ സ്ത്രീകളെ അണിനിരത്തിയുള്ള സമരവും ബഹളങ്ങളും കഴിഞ്ഞപ്പോള്‍ ഫലം കണ്ടതോ യുഡിഎഫ്. ശബരിമല വിഷയത്തില്‍ കാണിച്ച വ്യഗ്രത ഇതര സമുദായങ്ങളുടെ ബന്ധപ്പെട്ട പല വിഷയങ്ങളിലും കാണാതിരുന്നതും സർക്കാരിനെ സംശയത്തിന്‍റെ നിഴലിൽ നിർത്തി. ശബരിമല വിഷയത്തെ കേരളമെങ്ങും ആളിക്കത്തിച്ചുകൊണ്ട് വോട്ടുബാങ്കുകളെ തങ്ങളുൾക്കനുകൂലമാക്കാൻ വേണ്ടി ബിജെപി പരമാവധി പ്രയത്നിച്ചെങ്കിലും അവർ അതിൽ ഒട്ടും വിജയിച്ചില്ലെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ചുരുക്കത്തില്‍ ശബരിമല വിഷയത്തിൽ എൽഡിഎഫിന് എതിരായ വോട്ടുകളെല്ലാം യുഡിഎഫിന് തുണയായി.


ശബരിമല വിഷയത്തില്‍ ഭൂരിപക്ഷം വരുന്ന പരമ്പരാഗത ഹൈന്ദവ വിശ്വാസി വോട്ടുകൾ സിപിഎമ്മിന് എതിരായി. സ്ത്രീ പ്രവേശന വിഷയത്തില്‍ സർക്കാരിന്‍റെ കടുംപിടുത്തം പിണക്കിയത് ഹൈന്ദവ വിശ്വാസികളെ മാത്രമായിരുന്നില്ല സ്വന്തം പാര്‍ട്ടിയിലെ തന്നെ നല്ലൊരു ശതമാനം അണികളെയും കൂടിയായിരുന്നു. ഇതരമതസ്ഥരുടെ വിശ്വാസങ്ങൾക്ക് മേൽ ഭരണകൂടം നടത്തിയ കടന്നുകയറ്റത്തെ, മറ്റു മതവിശ്വാസികളും പ്രതിഷേധത്തോടെ തന്നെയാണ് കണ്ടതെന്ന് തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നു.


തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സ്വഭാവം സൂചിപ്പിക്കുന്നത് കേരളത്തിന്‍റെ പ്രബുദ്ധതയല്ല. പ്രളയത്തിന് പിന്നാലെ എൽഡിഎഫ് സര്‍ക്കാര്‍ മതപരമായ വേർതിരിവിന്‍റെ കനൽ കേരളത്തിൽ വാരിയിട്ടു. തെരഞ്ഞെടുപ്പടുക്കും വരെ അത് കെടാതെ ഊതിഊതി ബിജെപി സൂക്ഷിച്ചു. ഒടുവിൽ പന്തം കൊളുത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫും...! ഇത്രയുമായിട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് കടന്നു ചെല്ലാന്‍ നേതാക്കള്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. അതോ കണ്ണടച്ച് ഇരുട്ടാക്കുകയോ?



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K