04 March, 2017 02:09:37 PM
ശമ്പളവും പെൻഷനും കൊടുക്കാൻ വേണ്ടിയോ ബജറ്റുകൾ ?
സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെട്ടു .
ചോർച്ചയുണ്ടായതും മറ്റും വിവാദമായിരുന്നു. കൊഴുക്കുന്ന വിവാദത്തിലൂടെ പല കാര്യങ്ങളും ശ്രദ്ധയിൽ പെടാതെ പോകുകയാണ്. അതിൽ പ്രധാനം റവന്യു വരുമാനവിനിയോഗമാണ്. കണക്കുകളെ ആശ്രയിച്ചാൽ കാര്യങ്ങൾ ഏതാണ്ട് ഇങ്ങനെയാണ് -
ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും ശമ്പളം - വരുമാനത്തിന്റെ 34%, പെൻഷൻ - 19%, കടമെടുത്തതിന്റെ പലിശ - 14 %, മറ്റു ചെലവുകൾക്ക് - 33 %
ആകെ വരുമാനത്തിന്റെ 67 % ഇങ്ങനെ ശമ്പളം, പെൻഷൻ, പലിശ നിലയിൽ ചെലവാകുന്നത് സർക്കാരിന് ഭൂഷണമാണോ? ഇത് പുതിയ കാര്യമൊന്നുമല്ലായിരിക്കാം. പക്ഷേ, ഈ പോക്ക് എങ്ങോട്ടാണ്?
സർക്കാർ ജോലിക്കാരെ ഇനിയെങ്കിലും പുനർവിന്യസിക്കേണ്ടിയിരിക്കുന്നു. ചില ഡിപ്പാർട്മെന്റുകളിൽ ആവശ്യത്തിന് ജോലിക്കാരില്ല. മറ്റു ചിലേടത്തു അധികമാണ്. അവിടെ ജോലി നടക്കുന്നില്ല. കേരളത്തേക്കാൾ വലിയ സംസ്ഥാനമായ തമിഴ് നാട്ടിൽ ഇത്രയും ഐ എ എസ്സുകാർ ഇല്ലെന്നാണ് കേൾക്കുന്നത്. ഭീമമായ പ്രതിഫലം പറ്റുന്ന ഇക്കൂട്ടർ പിരിയുമ്പോൾ അത്രതന്നെ പെൻഷനോ ആനുകൂല്യങ്ങളും പറ്റുന്നുണ്ട്. ഇവിടെ നിയന്ത്രണം ആവശ്യമായിരിക്കുന്നു.
കൂടുതൽ പണിയെടുക്കുന്നവർക്കു കൂലി കുറവും, കുറച്ചു പണിയെടുക്കുന്നവർക്ക് കൂലി കൂടുതലും! ഈ സ്ഥിതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പല ഐ എ എസ്സുകാരും ഓഫീസ് ഉപയോഗിക്കുന്നത് സാഹിത്യ രചനകൾ നടത്താനാണ്... സാധാരണ ജീവനക്കാരാകട്ടെ, യൂണിയൻ വളർത്താനും...
16000 കോടിയുടെ കമ്മി ബജറ്റാണിത്. ഇനിയെങ്കിലും സത്വര നടപടികൾ എടുക്കാൻ അധികാരികളും ബന്ധപ്പെട്ടവരും ശ്രമിച്ചാൽ നാടിനു നന്ന് !