26 January, 2020 09:27:33 PM
പഠിക്കണം, മാതൃകയാക്കണം പൊതുപ്രവര്‍ത്തകര്‍ പത്മശ്രീ കുഞ്ഞോലിനെ പോലുള്ള പ്രതിഭകളെ
എണ്‍പതുകള്‍ പിന്നിട്ടിട്ടും സമരവീര്യം നഷ്ടപ്പെടാതെ പ്രായം തളർത്താത്ത നിശ്ചയദാർഢ്യത്തിനുടമ. അതാണ് എം.കെ. കുഞ്ഞോല്‍ എന്ന കുഞ്ഞോൽ മാഷ്. അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഭൂമിയ്ക്കായി സമരം ചെയ്ത് ഒടുവിൽ സ്വന്തം കിടപ്പാടത്തെ കുറിച്ച് ആലോചിക്കാതെ പോയ എം കെ കുഞ്ഞോലിനെ തേടിയും എത്തി പത്മശ്രീ പുരസ്കാരം. ഇവിടെ കുഞ്ഞോല്‍ മാഷിനെ മാതൃകയാക്കേണ്ടത് മറ്റാരുമല്ല. നമ്മുടെ നാട്ടിലെ രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ തന്നെ.
കുഞ്ഞോല്‍ മാഷിന്‍റെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതി ഇന്ന് നാം കാണുന്നത് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകരെ ആണോ അതോ കപട വസ്ത്രധാരികളെ ആണോ എന്ന് തിരിച്ചറിയാന്‍. പെരുമ്പാവൂരിന് സമീപം കോട്ടപ്പടിയില്‍ കുറുമ്പന്‍റെയും വള്ളോത്തിയുടെയും മകനായി 1937 മെയ് എട്ടിനാണ് ജനിച്ച കുഞ്ഞോൽ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് കോൺഗ്രസ് പ്രവർത്തകനായി. 'ഒരണ' സമരത്തിലടക്കം പങ്കാളിയായെങ്കിലും 'ഒരണ' പോലും സമ്പാദിച്ചില്ല. കാലക്രമേണ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് കോൺഗ്രസ് വിട്ടു .
മുടക്കിരായി സെന്‍റ് റീത്ത എല്‍പി സ്‌കൂളിലും, കുറുപ്പംപടിയിലെ മലയാളം സ്‌കൂളിലും, തുടര്‍ന്ന് പെരുമ്പാവൂര്‍ ആശ്രമം ഹൈസ്‌കൂളിലുമായിരുന്നു പഠനം. എസ്എസ്എല്‍സി പാസായി. കാലടി ആശ്രമത്തില്‍ ആഗമാനന്ദ സ്വാമികളെ കണ്ട അദ്ദേഹം 1955 മുതല്‍ രണ്ടു വര്‍ഷം ആശ്രമത്തിലെ ഹരിജന്‍ വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിച്ചായിരുന്നു പഠനം. ആശ്രമത്തിലെ ജീവിതം കുഞ്ഞോലിന്‍റെ സ്വഭാവരൂപീകരണത്തിന് ഒരു കാരണം കൂടിയായി. ഇത് തന്നെയാണ് നവോത്ഥാന പോരാട്ടങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചതും.
ബിഎസ്‌സിക്കുശേഷം മെഡിസിന് അപേക്ഷിച്ചു. പ്രവേശനം ലഭിച്ചു. എന്നാൽ ജാതി വിവേചനവും റാഗിങ്ങും അധ്യാപകരുടെ നിഃസഹകരണവും മറ്റും മൂലം പഠനം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ അനീതിക്കെതിരായുള്ള അടങ്ങാത്ത സമരവീര്യം ഒന്നുകൂടി മുറുകി മനസ്സിൽ. സാമൂഹ്യ പ്രവർത്തനം ജീവിതമാക്കി മാറ്റിയതോടെ സാംസ്‌കാരിക ജീവിത ധാരയുടെ ആവശ്യകതയും ആധ്യാത്മിക മാര്‍ഗവും പ്രചരിപ്പിക്കുന്നതിലായി ശ്രദ്ധ.
അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുവേണ്ടിയുള്ളതായിരുന്നു തുടര്‍ന്നിങ്ങോട്ട് കുഞ്ഞോലിന്‍റെ ജീവിതം . പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് കേരള സ്റ്റേറ്റ് ഹരിജന്‍ സമാജത്തിന് രൂപം നല്‍കി. കോതമംഗലം താലൂക്കിലെ നാടുകാണിയില്‍ ഹരിജന്‍ സമാജത്തിന്‍റെ താലൂക്ക് ഓഫീസ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചതും ഇതിനെതിരെ കത്തിയ ഓഫീസിന്‍റെ ചാരം നിറച്ച കുടങ്ങളുമായി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
എഴുപതുകളിൽ കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ വനഭൂമി ലഭ്യമാക്കുന്നതിനായി നടത്തിയ ആദ്യ സമരം തന്നെ വിജയം കണ്ടു. മൂവാറ്റുപുഴ വാഴക്കുളം മണിയൻതടം കോളനിയിൽ പട്ടിക വിഭാഗക്കാർക്കായി സർക്കാർ 22 ഏക്കർ സ്ഥലം അനുവദിച്ചിരുന്നത് സ്വകാര്യ വ്യക്തികൾ കയ്യേറി. ഇതിനെതിരെയുള്ള സമരവും വിജയത്തിലെത്തി. 1975ൽ പൊലീസ് അനീതിക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനു മുൻപിൽ 382 ദിവസം നീണ്ടു നിന്ന സമരം നടത്തിയതിന് പ്രശ്നപരിഹാരമായത് അന്നത്തെ ഗവർണർ ഇടപെട്ടതോടെ.
ഹരിജന്‍സമാജത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി കുഞ്ഞോല്‍ മുന്നോട്ടുപോകുന്നതിന് വിവാഹവും തടസമായില്ല. അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണന്‍റെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിന് കേരളത്തില്‍ നിന്ന് ആദ്യമായി പിന്തുണയറിയിച്ചത് ഹരിജന്‍ സമാജമായിരുന്നു. 1982-ലെ വിശാലഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത കുഞ്ഞോല്‍ അവിടെയും ശ്രദ്ധിക്കപ്പെട്ടു. ക്ഷേത്രവിമോചന സമരത്തോടനുബന്ധിച്ച് രണ്ട് യാത്രകള്‍ ഗുരുവായൂരിലേക്ക് സംഘടിപ്പിച്ചിരുന്നു. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്ര സ്വാമി സത്യാനന്ദ സരസ്വതിയും, അരുവിപ്പുറത്തുനിന്ന് ആരംഭിച്ച യാത്ര എം.കെ. കുഞ്ഞോലുമാണ് നയിച്ചത്.
കേരള സര്‍ക്കാരിന്‍റെ അംബേദ്കര്‍ പുരസ്‌കാരം ആദ്യം ലഭിച്ചത് കുഞ്ഞോലിനാണ്. അവഗണിക്കപ്പെട്ടവർക്കായി ജീവിതം മാറ്റി വച്ച സാധാരണക്കാരനായ കുഞ്ഞോൽ മാഷിനെ തേടി പത്മശ്രീ എത്തുമ്പോൾ ആ പുരസ്ക്കാരത്തിനു തിളക്കം കൂടുകയാണ്. ഇത്രയേറെ സമരങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്ത് ശ്രദ്ധിക്കപ്പെട്ടിട്ടും കുഞ്ഞോല്‍ തനിക്ക് വേണ്ടി ഒന്നും സമ്പാദിച്ചിട്ടില്ല.
പുരസ്കാരം ലഭിച്ചതറിഞ്ഞിട്ടും തന്നെ കാണുവാന്‍ ആളുകള്‍ എത്തുമെന്ന് അറിവുണ്ടായിട്ടും, ഒരു കാവിമുണ്ടും ഉടുത്ത് ഒരു മുഷിഞ്ഞ തോർത്തും തോളിലിട്ടുള്ള ആ പതിവ് ശൈലി മാറുവാന്‍ കുഞ്ഞോല്‍ തയ്യാറായില്ല. ഇനി വിവരം അറിഞ്ഞില്ലേ കാര്യം എന്ന് വിചാരിച്ചു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് 'ഇന്നലെ രാവിലെ തന്നെ അറിയിപ്പു' കിട്ടി എന്ന് മറുപടി. 'കയറിയിരിക്കാൻ പറയാൻ നിവൃത്തിയില്ല, ഇരിക്കാൻ കസേരയില്ല' എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോൾ വെളിവായത് ആ മനസിലെ നിഷ്കളങ്കത.
വയസ് 80 ആയി. 60 വർഷത്തിലധികമായി തുടരുന്ന പൊതുപ്രവർത്തനം. ഇപ്പോഴും തല ചായ്ക്കുന്നത് തകരഷീറ്റും, പടുതയും കൊണ്ട് മറച്ച് ഇടിഞ്ഞു വീഴാറായ വീട്ടിൽ. പൊതു പ്രവർത്തനത്തിനിടയിൽ സ്വന്തം കാര്യം മറന്നു പോയ ഏതാനും ചിലരില്‍ ഒരാൾ എന്നല്ല പ്രഥമ സ്ഥാനത്ത് തന്നെയാണ് കുഞ്ഞോല്‍ മാഷ്. ഇത്തരം പ്രതിഭകളെ കണ്ടെത്തുന്നതിലൂടെ പത്മ പുരസ്കാരത്തിന്‍റെ മാറ്റ് ഒന്നുകൂടി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.
അപ്പോഴും പറയാതിരിക്കാന്‍ പറ്റാത്ത ഒന്നുണ്ട് കള്ളവും ചതിയും തട്ടിപ്പും കൈമുതലാക്കിയ രാഷ്ട്രീയ കോമരങ്ങളുടെ പിന്നാലെ പായുന്ന ജനം കുഞ്ഞോലിനെ പോലുള്ള പ്രതിഭകളെ തിരിച്ചറിയുന്നില്ല, അല്ലെങ്കില്‍ തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്ന സത്യം. അധികാരത്തിനും അംഗീകാരങ്ങള്‍ക്കും പണം മുടക്കിയും മറ്റും നമ്മള്‍ എങ്ങും പായേണ്ടതില്ല. നമ്മള്‍ ചെയ്യുന്നത് എന്തായാലും അതില്‍ സത്യവും വിശ്വാസ്യതയും ഉണ്ടെങ്കില്‍ അംഗീകാരങ്ങള്‍ നമ്മെ തേടിയെത്തുമെന്നും കുഞ്ഞോലിന്‍റെ ജീവിതം വെളിവാക്കുന്നു.