06 March, 2019 07:47:09 PM


എംപിയാകാനുള്ള എംഎൽഎമാരുടെ മത്സരം: ജനത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളി




പാർലമെന്റ് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ഘട്ടത്തിലാണ് രാജ്യത്തെ രാഷ്ട്രീയ കക്ഷികൾ. ഒറ്റയ്ക്കും മുന്നണിയായും മത്സരിക്കുന്ന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥി നിർണ്ണയം അവസാന ഘട്ടത്തോട് അടുക്കുകയാണ്. ഇപ്പോൾ ലഭിക്കുന്ന സൂചനകളനുസരിച്ച് പ്രമുഖ കക്ഷികളൊക്കെത്തന്നെയും എംഎൽഎമാരെ പാർലെമെന്റിലേയ്ക്ക് മത്സരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ഈ നീക്കം ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയും അവഹേളനവുമാണ്. ജനാധിപത്യത്തെ തങ്ങൾക്കു തോന്നുംപോലെ ദുരുപയോഗം ചെയ്യുകയാണ് രാഷ്ട്രീയ കക്ഷികൾ ഇതുവഴി ചെയ്യുന്നത്. എംഎൽഎമാരെ അഞ്ചു വർഷത്തേയ്ക്കാണ് ജനപ്രതിനിധികളായി ചുമതല ഏൽപ്പിച്ചു ജനം ജയിപ്പിച്ചു വിട്ടിട്ടുള്ളത്. അവർക്ക് വിധേയത്വം വേണ്ടത് ജനത്തോടാണ്, രാഷ്ട്രീയ പാർട്ടിയോടു മാത്രമല്ല. 

പാർലമെന്റ് തെരഞ്ഞെടുപ്പിൽ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ട നിലവിലുള്ള ആൾ മത്സരിക്കുന്നത് ജനാധിപത്യത്തിനു മേലുള്ള കടന്നുകയറ്റമാണ്. പാർലെമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിയമസഭാ സീറ്റ് ഒഴിവു വരും. അങ്ങനെ ഒഴിവ് വരുന്ന സീറ്റിൽ വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ കോടിക്കണക്കിന് രൂപയും സമയനഷ്ടവും ഉണ്ടാവും. ഈ ചെലവ് പൊതുഖജനാവിൽ നിന്നുമാണ് വഹിക്കുന്നത്. ഇതാകട്ടെ ജനക്ഷേമത്തിനായി ജനങ്ങളിൽ നിന്നും സമാഹരിച്ച നികുതി പണവും. ഇത് ജനാധിപത്യവിരുദ്ധമാണ്.

ഇവിടെ ഹർത്താൽ നടത്തുമ്പോൾ പൊതുഖജനാവിനു വരുന്ന നഷ്ടം നികത്താൻ ഇപ്പോൾ വ്യവസ്ഥയുണ്ട്. അതുപോലെ തന്നെ എംഎൽഎമാർ മത്സരിക്കുമ്പോൾ പിന്നീട് വരുന്ന ഉപതെരരഞ്ഞെടുപ്പിനു ഉണ്ടാകുന്ന പൊതുനഷ്ടവും എതിർ സ്ഥാനാർത്ഥികൾക്കു വരുന്ന നഷ്ടവും മത്സരിക്കുന്ന എംഎൽഎമാരിൽ നിന്നും ഈടാക്കണം. അല്ലെങ്കിൽ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കണം. എംപിയായി മത്സരിക്കാൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചാലുടൻ എംഎൽഎ സ്ഥാനത്തു നിന്നും അയോഗ്യരാക്കപ്പെടണം. കാരണം എംഎൽഎ പദവിയിലിരുന്ന് വോട്ടു തേടുമ്പോൾ അത്യാവശ്യം സ്വാധീനമൊക്കെ നടക്കുമെന്നതിൽ സംശയമില്ല.

പാർട്ടികളും മുന്നണികളും ജനതാത്പര്യം നോക്കാതെ അവരവരുടെ താത്പര്യം ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമാണ് എംഎൽഎമാരായിരിക്കെ തന്നെ എംപിമാരായി മത്സരിക്കുന്നത്. ഇതു കൊണ്ട് പാർട്ടികൾക്കു മാത്രമാണ് നേട്ടം. ഇക്കാര്യത്തിൽ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സ്വരം ഒന്നാണ്. പാർട്ടികളിൽ കഴിവും പ്രാപ്തിയും ഉള്ളവർ ഇല്ലാത്തതിനാലാണോ ഇത്തരം നടപടികൾ എന്നും വിശദീകരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാവണം. ഇത്തരം പ്രവണതകൾ മുളയിലേ നുള്ളണം. തെരഞ്ഞെടുപ്പ് കമ്മീഷനും കോടതികളുമൊക്കെ ഇതിനു തയ്യാറാകണം. ജനങ്ങൾക്കും ഇതിനെതിരെ പ്രതികരിക്കണം. ഇതിനായി എം എൽ എമാർ മൽസരിക്കുന്ന മണ്ഡലങ്ങളിൽ അവരെ തോൽപ്പിക്കുക തന്നെ വേണം. ജനമെന്താണെന്ന് അവരറിയണം.

- എബി ജെ. ജോസ്, പാലാ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K