17 January, 2017 03:26:00 PM
സ്വാശ്രയം പെറും... പാർട്ടികൾ വാരും... കുട്ടികൾ ചാവും... ആർക്കാണ് ചേതം ?
കേരളത്തിൽ പണ്ടുമുതലേ വിദ്യാഭ്യാസരംഗത്തു മികച്ച സംഭാവനകൾ നൽകി സ്വകാര്യമേഖല മാതൃകയായിട്ടുണ്ട്.സർക്കാർ സ്‌കൂളുകൾ അപ്പോഴും മികച്ച രീതിയിൽ നില നിന്നു പോന്നിരുന്നു.നമ്മുടെ ഉന്നത ശീർഷരായ പലരും സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു ജയിച്ചു വന്നവരാണ്.
എന്നാൽ എപ്പോഴോ സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾ അവഗണിക്കപ്പെട്ടു തുടങ്ങി. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കമ്മ്യുണിസ്റ് മന്ത്രിസഭയാണ് അധികാരത്തിൽ വന്നത്.കമ്മ്യുണിസ്റ് കാർ പൊതുമേഖലയ്ക്ക് വേണ്ടി നിലകൊള്ളുന്നവരാണ് . ഏറെക്കാലം പല ഘട്ടങ്ങളിലായി ഇവിടെ ഭരിച്ചത് കമ്മ്യുണിസ്റ് പാർട്ടികളാണ്.
എന്നിട്ടും സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അപചയം സംഭവിച്ചു എന്നത് വിസ്മയകരമാണ്.കുട നന്നാക്കുന്നവരെ പിടിച്ചു അധ്യാപകരാക്കി എന്നൊക്കെ ആരോപണങ്ങൾ കേട്ടിട്ടുണ്ട്.കമ്മ്യുണിസ്റ് പാർട്ടി പുറത്തു നിൽക്കുമ്പോൾ വരുന്ന വലതുപക്ഷ സർക്കാരാണ് പൊതുമേഖലയെ ജീർണ്ണിപ്പിച്ചു സ്വകാര്യമേഖലയെ പോഷിപ്പിച്ചു കൊണ്ടിരിക്കുന്നത്.പിന്നീട് അതിനു കൂട്ട് നിൽക്കുന്ന പ്രവർത്തനങ്ങൾ കമ്മ്യുണിസ്റ് പാർട്ടികളും സംഭാവനയായി നൽകി.\
അധ്യാപകരുടെ ട്രേഡ് യൂണിയൻ,കുട്ടികളുടെ രാഷ്ട്രീയം ..ഇതൊക്കെ രക്ഷിതാക്കളെ സർക്കാർ വിദ്യാഭ്യാസമേഖലയിൽ നിന്ന് അകറ്റിയ സത്യങ്ങളാണ്.സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിപ്പുറപ്പും സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പു മുടക്കും! ഇത് നിസ്സാര കാര്യമല്ല.കമ്മ്യുണിസ്റ് പാർട്ടി അംഗങ്ങളും സഹയാത്രികരും അവരുടെ മക്കളെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർക്കുന്ന സ്ഥിതി നമ്മൾ കണ്ടതാണ്.കോടതി ഇടപെടലുകൾ കൊണ്ടാണ് കൊലക്കളങ്ങളായി മാറിയ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ടാണ് പിണറായി സർക്കാരിന് പൊതു വിദ്യാഭ്യാസരംഗത്തെ പുനഃ സൃഷ്ടിക്കാൻ,സംരക്ഷിക്കാൻ മാത്രം ബാക്കി വല്ലതും അവശേഷിക്കുന്നത്!
ഇന്നാട്ടിൽ സർവ്വ കുഴപ്പങ്ങൾക്കും കുരുത്തക്കേടുകൾക്കും കാരണം ദീർഘകാലം ഇന്ത്യ ഭരിച്ച കോൺഗ്രസ്സ് തന്നയാണ്. അവർ അധികാരത്തിലെത്തിയാൽ കാണിക്കുന്ന കൊള്ളരുതാഴിക താരതമ്യേന കുഴപ്പക്കാരല്ലാത്ത കമ്മ്യുണിസ്റ് കാരും പിന്തുടർന്നു.. അങ്ങിനെയാണ് ഈ രംഗം മലീമസമായത്. ആവശ്യത്തിന് സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങളില്ലാത്തതുകൊണ്ട് മാത്രം സ്വകാര്യമേഖലയിൽ പോയവരുണ്ട്.അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പ്രീ ഡിഗ്രി നിർത്തി പ്ലസ് ടൂ ആക്കുവാൻ വലതുപക്ഷ സർക്കാർ നടത്തിയ ശ്രമത്തെ ചെറുത്തെങ്കിലും പിന്നീട് അധികാരത്തിൽ വന്നപ്പോൾ വച്ച് പൊറുപ്പിക്കുകയാണ് കമ്മ്യുണിസ്റ്കാർ ചെയ്തത്.ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി അനുമതി നൽകിയ എ കെ ആന്റണി സർക്കാരിന്റെ വികല നയങ്ങൾക്കും മൂക്കുകയറിട്ടില്ല . സ്വാശ്രയ സമരത്തിൽ രക്തസാക്ഷികളായവരോട് പോലും നീതി കാണിച്ചില്ല.
ഇപ്പോൾ കേൾക്കുന്നത് ഇത്തരം സ്വാശ്രയകോളേജുകൾ ഗുണ്ടകൾ വാഴുന്ന ഇടമാണെന്നാണ്. അവിടെ ഇടി മുറികളുണ്ടത്രെ! എന്തിനും ഏതിനും 'ഇത് കേരളമാണ്, ഇവിടെ അതൊന്നും നടക്കില്ല' എന്ന പതിവു പല്ലവി ആവർത്തിക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. ഇടതു വലതു സർക്കാരുകൾ എന്തുകൊണ്ട് ഈ സ്ഥാപനങ്ങളെ വേണ്ടവണ്ണം നിരീക്ഷിച്ചില്ല?അവിടെ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കാത്തതുകൊണ്ടാണോ? അതോ അവിടെ നിന്ന് കൃത്യമായി മാസപ്പടി കിട്ടുന്നതു കൊണ്ടാണോ?
പോരാളിയായ ചെയുടെ ചിത്രം ഉടുപ്പിൽ അണിഞ്ഞുകൊണ്ടു നടക്കുന്ന ഇവിടുത്തെ യുവാക്കൾ എന്തിനാണ് ആത്മഹത്യ ചെയ്യുന്നത്?അവരുടെ ഭീതി മാറ്റാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കടമയില്ലേ? ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ 'ഇരട്ടച്ചങ്കുണ്ടെന്നു' പറയുന്ന നേതാവ്ഭരിക്കുന്ന നാട്ടിൽ ഇത്തരം അനാശാസ്യവും അക്രമവും അപലപനീയവുമായ കാര്യങ്ങൾ എങ്ങനെ നടക്കുന്നു? ഇന്നാട്ടിലെ സർവ്വസ്ഥാപനങ്ങളിലും പരിശോധന നടത്താൻ വിദ്യാഭാസ വകുപ്പിന് ഉത്തരവാദിത്വമില്ലേ?
ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ഉയർന്നു വരുമ്പോൾ മരിച്ചവരുടെ അമ്മമാർക്ക് ലക്ഷങ്ങൾ കൊടുത്തു കൈ കഴുകുകയാണോ വേണ്ടത് ? സർവ്വമേഖലകളിലെയും ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഇനിയെങ്കിലും സർക്കാർ ജാഗരൂകരായിരിക്കണം. അതിനുള്ള ദിശാബോധം ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.