15 October, 2016 01:32:12 PM


വെടികൊണ്ട ജയരാജനും ഉണ്ടയില്ലാത്ത വെടികളും



അഴിമതിയിൽ മുങ്ങിക്കുളിച്ചൊരു സർക്കാരിനെ പുറത്താക്കി, അഴിമതിയെ തുരത്തുന്ന സർക്കാരിനെ കുടിയിരുത്തിയപ്പോൾ ജനം ഒന്നാശ്വസിച്ചു... ഭംഗിയോടെ  ആരംഭിച്ച പുതുസർക്കാറിന്‍റെ പ്രകടനം അഞ്ചു ബോബി ജോർജ്ജിന്‍റെ വിലാപത്തിൽ ഒന്നു മങ്ങി, മുഹമ്മദ് അലിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് അന്ധാളിച്ചു, ഇപ്പോൾ ബന്ധു നിയമനങ്ങളിൽപ്പെട്ടുഴലുന്നു.
                 

കരുത്തനെന്നു കരുതിയ പഴയ കെ. ചന്ദ്രശേഖരൻ മന്ത്രിയായപ്പോൾ കോമാളിയായതു കണ്ടതാണ് നമ്മൾ. ജി. സുധാകരന്‍റെയും സി.ദിവാകരന്‍റെയും വികടസരസ്വതി ദയനീയമായി കേട്ടവരാണ് നമ്മൾ. സുധാകരൻ ഇപ്പോൾ ഏതാണ്ട് നല്ല കുട്ടിയായി. തിരുവഞ്ചൂരിന് -  അതുക്കും മേലെ  - പഠിക്കുന്ന ജയരാജൻ, കരുത്തൻ കോമാളിയായ കഥയുടെ ആവർത്തനമാണ്.


ശരീരത്തിന്‍റെ അത്രയുംപോലും വികാസമില്ലാത്ത മനസ്സുമായി തനിക്കു ഒട്ടും യോജിക്കാത്ത മന്ത്രി കുപ്പായമിട്ടപ്പോൾ എല്ലാം ശരിയാക്കി തരാമെന്നു പറഞ്ഞു വന്ന പിണറായിക്കു തലവേദനയാകുമെന്നു ആരും കരുതിയിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പുകാലത്തു പരോക്ഷമായി പ്രചരിച്ചതുപോലെ ജയരാജൻ ആഭ്യന്തരമന്ത്രിയാകാത്തതു നാടിന്‍റെ ഭാഗ്യം! സാന്തിയാഗോ മാർട്ടിൻ വിഷയത്തിൽ ഒരിക്കൽ ദേശാഭിമാനിയിലെ പണി പോയതാണ്. ഇപ്പോഴിതാ മന്ത്രിപ്പണിയും പോയിരിക്കുന്നു.
                   

ഒരു ജില്ലാ നേതാവാകാൻ മാത്രം യോഗ്യതയുള്ള ഒരാളെ  സംസ്ഥാന മന്ത്രിയാക്കിയെന്നുള്ളത് ആദ്യ അബദ്ധം. ഇപ്പോൾ അടുത്ത ബന്ധുക്കൾക്കു നിയമനങ്ങൾ നൽകിയ ജയരാജൻ അഞ്ജു ബോബി ജോർജ്ജിന്‍റെ സഹോദരന് നിയമപ്രകാരമുള്ള ജോലി കിട്ടിയതിനെ അപഹസിച്ചിട്ടും ശാസിക്കാത്തതു രണ്ടാമത്തെ അബദ്ധം. തെറ്റായ നിയമനങ്ങൾ നടത്തിയെന്നുറപ്പായിട്ടും സാങ്കേതികതയുടെ  പേരിൽ ഇത്ര ദിവസം നിലനിർത്തിയത് സർവ്വാബദ്ധം.
                   

രാജിവച്ച ജയരാജനു പാർട്ടി പ്രവർത്തകർ ഇപ്പോൾ വ്യാപകമായി അഭിവാദ്യം അർപ്പിക്കുന്നതു കാണുമ്പോൾ - ഒരു സ്ത്രീയെ മാനഭംഗം ചെയ്യാന്‍ ശ്രമിക്കുന്നു... ആളുകള്‍ ചേര്‍ന്ന് അതു തടയുന്നു.. അപ്പോള്‍, "ജനശക്തിയെ മാനിച്ച മാനഭംഗക്കാരന് അഭിവാദ്യങ്ങൾ" എന്ന് പറയുമ്പോലെയാണ് തോന്നുന്നത്-! നിയമനങ്ങൾ വിവാദമായ തുടക്കത്തിൽ 'എന്‍റെ പല ബന്ധുക്കളും പല വകുപ്പുകളിലും കാണും' എന്നൊരു ധാർഷ്ട്യം കലർന്ന പ്രതികരണമാണ് ജയരാജൻ നൽകിയത്.
                   

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പിണറായിക്കു മനസ്സില്ലാ മനസ്സോടെ ജയരാജനെ പുറത്താക്കേണ്ടി വന്നു. ഇടത്‌ മുന്നണി അധികാരത്തിൽ വന്നപ്പോൾ ഒരിക്കൽ എം പി വീരേന്ദ്രകുമാറും പിന്നൊരിക്കൽ നീലലോഹിതദാസും പി ജെ ജോസഫും പോലെ രാജിവച്ചവരുടെ താളിൽ ജയരാജന്‍റെ പേരുകൂടി എഴുതപ്പെടുകയാണ്. തുടക്കംതന്നെ കല്ലുകടിക്കുന്ന തരത്തിലാക്കിയതിൽ കണ്ണൂരിലെ മുതിർന്ന നേതാവിന്‍റെ സംഭാവന പാർട്ടിയുടെ 'സംഭരണത്തിന്' കളങ്കമായി 'പ്രശോഭിക്കും'.
                     

ആകെക്കൂടി പറയാനുള്ളത് യു ഡി എഫ് കാലത്തെപ്പോലെ മനസ്സാക്ഷിവാദം ഉയർന്നില്ലെന്നതാണ്. കാര്യം എന്തുകൊണ്ടായാലും ജയരാജന്‍റെ രാജി വൈകിയതിനാൽ എൽ ഡി എഫിന് ലഭിക്കുമായിരുന്ന ഗുണഫലം നഷ്ടമായി എന്നേ പറഞ്ഞുകൂടൂ...


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.1K