28 January, 2017 04:01:58 PM
കുട്ടികൾ ഗുണ്ടകളാകരുത്...ടിയാനെൻമെൻ സ്‌ക്വയർ നൽകുന്ന സന്ദേശം...

നമ്മുടെ പൊതു വിദ്യാഭ്യാസരംഗം ആകെ തകർത്തതിന് പിന്നിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിനും ഒരു വലിയ പങ്കുണ്ട്. ആവശ്യവും അനാവശ്യവുമായ സമരങ്ങളാൽ പഠിപ്പുമുടക്ക് സാർവ്വത്രികമായപ്പോൾ മാതാപിതാക്കൾ കുട്ടികളെ സ്വകാര്യ വിദ്യാലയങ്ങളിൽ ചേർത്തു. കുട്ടികളുടെ എണ്ണത്തിനൊപ്പം സ്വകാര്യ വിദ്യാലയങ്ങളുടെ എണ്ണവും പെരുകി. അത്തരം വിദ്യാലയങ്ങൾ അനുവദിച്ചു കൊടുക്കാൻ ഇരു മുന്നണികളും മത്സരിച്ചു.
സ്വകാര്യ വിദ്യാലയങ്ങള്‍ പെരുകിയതോടെ അഴിമതിയുടെ വ്യാപ്തി കൂടി. ഭരിക്കുന്ന പാർട്ടികൾ ഇതിൽ പങ്കാളികളായതിനാൽ മാനേജ്മെന്റ് ശക്തമായി, കർക്കശവും. അത്തരം വിദ്യാലയങ്ങളിൽ 'ഇടി മുറികൾ' വരെ ഉണ്ടാകും വിധം അവർക്കുമേൽ ഒരന്വേഷണവും നിയന്ത്രണവും ഉണ്ടായില്ല. അവരുടെ കോമ്പൗണ്ടിനുള്ളിൽ എന്തൊക്കെ നടക്കുന്നു എന്നുപോലും സർക്കാർ അറിഞ്ഞില്ല!
കുട്ടികളെ കയറൂരി വിട്ടാൽ നാടിനു നാശമാണ് ഉണ്ടാകുന്നത്. ഒരു പ്രിൻസിപ്പലിനെ കുഴിമാടമുണ്ടാക്കി അടക്കി. മറ്റൊരു പ്രിൻസിപ്പലിന്‍റെ കസേര കത്തിക്കുന്നു. ഇപ്പോൾ സ്ഥാപനമുടമയുടെ മകളും കൂടിയായ പ്രിൻസിപ്പലിനെ അവഹേളിക്കുന്നു. ഈ പ്രിൻസിപ്പൽമാരെല്ലാം സ്ത്രീകളാണ് എന്നതാണ് വിശേഷം. അവർക്കനുകൂലമായി സ്ത്രീപക്ഷവാദികളോ കമ്മീഷനോ ഇടപെടുന്നുമില്ല.
വിദ്യാർത്ഥികൾക്ക് പ്രശ്നമുണ്ടെകിൽ അത് ശരിയായ വേദികളിൽ അറിയിക്കണം. വിദ്യാർത്ഥികളെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളാക്കാൻ മാതാപിതാക്കൾ തുനിയരുത്. പാർട്ടികൾക്ക് ഒരു രക്തസാക്ഷിയെ കിട്ടിയെന്നൊരു സമാധാനമുണ്ട്. പേനരിക്കാതെ ഉറുമ്പരിക്കാതെ വളർത്തിക്കൊണ്ടുവന്ന സ്വന്തം മക്കളാണ് മാതാപിതാക്കൾക്ക് ഇല്ലാതാവുന്നത്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലീസുണ്ട്, കോടതിയുണ്ട്. നിയമവാഴ്ച്ചയുള്ള ഒരു രാജ്യമാണിത്. ജനപ്രിയ സർക്കാരുണ്ട്. കുട്ടികളുടെ സമരം പലപ്പോഴും വൈകാരികമായിത്തീരും.. അവർ തകർക്കുന്നതും കത്തിക്കുന്നതും പൊതുമുതലാണ്.. ഹനുമാൻ ലങ്ക ചുട്ടത് കുരങ്ങനായതുകൊണ്ടാണ്. ഇവിടെ വിധ്വംസക പ്രവർത്തികൾ ചെയ്യുന്ന കുട്ടികളെ കുട്ടിക്കുരങ്ങന്മാർ എന്നാണു വിളിക്കുന്നത്!
എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുന്ന വിദ്യാർത്ഥികളെ നിയമം കയ്യിലെടുക്കാൻ അനുവദിക്കരുത്. കുട്ടികൾക്കെതിരായ മാനേജ്‌മെന്റ് നടപടികളെ ചോദ്യം ചെയ്യേണ്ടത് മാതാപിതാക്കളായിരിക്കണം, പോലീസായിരിക്കണം, സർക്കാരായിരിക്കണം. നാളത്തെ ഇന്ത്യയെ നയിക്കേണ്ട നമ്മുടെ കുട്ടികൾ കേവലം ഗുണ്ടകളാവരുത്... അവരുടെ ജോലി പഠിക്കുക എന്നതാണ്. അതാണ് ടിയാനെൻമെൻ സ്‌ക്വയർ നൽകുന്ന സന്ദേശം...