23 June, 2017 01:57:23 PM
സർക്കാർ ജോലി ജനങ്ങളെ സേവിക്കാനാണ്, ജനങ്ങളുടെ മുതുകത്തു കയറാനല്ല!
സർക്കാർ ഉദ്യോഗസ്ഥരുടെ അലംഭാവം കൊണ്ട് ആത്മഹത്യ ചെയ്യുന്ന ആദ്യത്തെ ആളല്ല ചെമ്പനോടയിലെ കാവിൽ പുരയിടത്തിൽ ജോയി എന്ന വിളിപ്പേരുള്ള തോമസ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നു റവന്യു മന്ത്രിയുടെയും സർക്കാരിന്റെ യശ്ശസ്സിനു കളങ്കമെന്നു വൈദ്യുതി മന്ത്രിയുടെയും പ്രസ്താവനകൾ വന്നു കഴിഞ്ഞു.
തന്റെ വാർഡിലുള്ളവർക്കു കുടിവെള്ളം എത്തിച്ചു കൊടുക്കാൻ ഉദ്യോഗസ്ഥർ കാല താമസം വരുത്തിയതിന് ആത്മഹത്യാ ഭീഷണി നടത്തേണ്ടി വന്ന ഒരു പഞ്ചായത്തംഗത്തിന്റെ നാടാണ് കേരളം. നാണക്കേടു കൊണ്ടു മുഖം വെളിപ്പെടുത്താനാകാതെ വന്നിരിക്കുന്നു സാക്ഷര പ്രബുദ്ധ കേരളത്തിന്. സെക്രട്ടേറിയറ്റിൽ തന്നെ മന്ത്രിമാരും എം എൽ എ മാരും ഉദ്യോഗസ്ഥരെ ഓരോ കാര്യസാധ്യതയ്ക്കായി തൊഴുതു നിൽക്കേണ്ട ഗതിയിലാണെന്നു കേൾക്കുന്നു. അത്രമേൽ ഭീകരമാണ് ബ്യൂറോക്രസി! പോലീസ് മേധാവി പറയുന്നതു പോലും കീഴുദ്യോഗസ്ഥർ ഗൗനിക്കുന്നില്ല എന്നത് തന്നെ പരസ്യമായ രഹസ്യമല്ലേ ?
നികുതി വരുമാനം കൊണ്ടു കൂടിയാണ് സർക്കാരുകൾ പ്രവർത്തിക്കുന്നത്. ഇവിടെ നികുതി ഒടുക്കാത്തവർക്ക് പിഴയിടുകയും മറ്റും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് നികുതി ഒടുക്കാൻ ചെല്ലുന്നൊരാളിൽ നിന്ന് അത് വാങ്ങാതിരിക്കുന്നത്! അടയ്ക്കാൻ വരുന്ന നികുതി വാങ്ങാതിരിക്കുക സർക്കാരിനെ വഞ്ചിക്കുകയെന്നതാണ്. അതിനു സസ്പെൻഷനല്ല, തടവ് ശിക്ഷയാണ് നൽകേണ്ടത്.
ഉദ്യോഗസ്ഥർ വരുത്തിയ പിഴവു കൊണ്ട് ആത്മഹത്യ ചെയ്യേണ്ടിവന്ന തോമസിനെ ന്യായീകരിക്കുന്നില്ല. ഇത് ജനായത്ത ഭരണത്തിന്റെ കാലമാണ്. ആത്മഹത്യ ഒന്നിനും പോവഴിയല്ല. ഇന്നാട്ടിൽ ഉദ്യോഗസ്ഥരുടെ കെട്ടുകാര്യസ്ഥതയ്‌ക്കെതിരെ പരാതി നൽകാൻ നിരവധി സംവിധാനങ്ങളുണ്ട്. എല്ലാത്തിനുമുപരി മാധ്യമങ്ങളും. തോമസ് ഇവയൊന്നും ഉപയോഗിച്ചു കണ്ടില്ലെന്നു വേണം അനുമാനിക്കാൻ.
ജനങ്ങളുടെ ഇത്തരം ന്യായമായ പ്രശ്ങ്ങൾ ജനപ്രതിനിധികൾ പരിഹരിച്ചു കൊടുക്കേണ്ടതാണ്. മുട്ടിനു മുട്ടിനു നടക്കുന്ന ഹർത്താലുകൾ വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർക്കും ഇക്കാര്യത്തിൽ ഇടപെടാവുന്നതാണ്. ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്ന ഇക്കൂട്ടർ സർക്കാരുദ്യോഗസ്ഥരെ നിലയ്ക്ക് നിർത്താൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
ഉദ്യോഗസ്ഥരുടെ നീറുന്ന പ്രശ്ങ്ങൾക്കു പരിഹാരമായാണ് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടത്. ആ സ്വാതന്ത്ര്യം പാവപ്പെട്ടവന്റെ മുതുകത്തുകയറാനാണുപയോഗിക്കുന്നതെങ്കിൽ വരുംകാലത്ത് ഇത്തരം സംഘടനകൾ തന്നെ ഇല്ലാതാക്കപ്പെടുമെന്ന് ഓർമ്മിച്ചാൽ കൊള്ളാം. സ്‌കൂൾ രാഷ്ട്രീയം പരിധിവിട്ടപ്പോഴാണ് നിരോധിക്കപ്പെട്ടതെന്നും മനസ്സിലാക്കുന്നതും നന്ന്.
ജനായത്ത ഭരണകാലത്ത് ഇത്തരം പ്രവർത്തനങ്ങളും ആത്മഹത്യകളും കർശനമായി ഒഴിവാക്കുവാൻ ബന്ധപ്പെട്ടവർ ഇനിയെങ്കിലും ശ്രമിക്കുമെന്നാണ് പൗരന്മാർ പ്രതീക്ഷിക്കുന്നത്.