17 February, 2020 11:44:40 AM


'തലയോട് പിളര്‍ക്കും' ചലഞ്ചുമായി കുട്ടികള്‍; ജാഗ്രത പാലിക്കണം രക്ഷിതാക്കള്‍!



കൗമാരക്കാരെ വഴിതെറ്റിക്കുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഗയിമുകളും ചലഞ്ചുകളുമായി അരങ്ങ് തകര്‍ക്കുകയാണ് ടിക്ടോക് പേലുള്ള മാധ്യമങ്ങള്‍. കുട്ടികളുടെ ആരോഗ്യത്തെതന്നെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സ്കള്‍ ബ്രേക്കര്‍ ചലഞ്ചാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ഐസ് ബക്കറ്റ് ചലഞ്ച്, കീ കീ ചലഞ്ച്, ബോട്ടില്‍ ചലഞ്ച് തുടങ്ങി നിരവധി ചലഞ്ചുകള്‍ക്ക് പിന്നാലെയാണ് ഇതിന്‍റെ കടന്നുവരവ്.


ടിക് ടോക്കിലൂടെ തരംഗമാകുന്ന സ്കള്‍ ബ്രേക്കര്‍ ചലഞ്ച് വലിയ അപകടകാരിയാണെന്ന് വീഡിയോകളില്‍ നിന്ന് തന്നെ വ്യക്തമാണ്. ഒരാള്‍ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ട് പേര്‍ നിന്ന് ചാടുന്നു. നടുവില്‍ നില്‍ക്കുന്ന ആള്‍ ചാടുന്നതിനിടയില്‍ മറ്റ് രണ്ടുപേരും കാലുകൊണ്ട് തട്ടി വീഴ്ത്തുന്നു. ഇതോടെ നടുക്കുള്ളയാള്‍ പുറം ഇടിച്ചുവീഴുക എന്നതാണ് ഈ ചലഞ്ചിന്‍റെ ഉദ്ദേശം.  പലപ്പോഴും തലയിടിച്ച് വീഴുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സ്കള്‍ ബ്രേക്ക് ചലഞ്ചിലെ ഈ വീഴ്ചയില്‍ തലയ്ക്ക് സാരമായ പരിക്കേല്‍ക്കുന്നതുള്‍പ്പെടെ വലിയ അപകടം തന്നെ സംഭവിച്ചേക്കാം.


നിരവധി കൗമാരക്കാരാണ് ഈ ചലഞ്ച് ഏറ്റെടുക്കുന്നത്. ഒരുപാട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. താഴെ വീണയാള്‍ക്ക് ബോധം നഷ്ടപ്പെടുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇതിന് മുമ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റായ കീ കീ കീ ചലഞ്ച് ഏറെ അപകടം നിറഞ്ഞ ഒന്നായിരുന്നു. വാഹനങ്ങളില്‍ നിന്ന് ചാടിയിറങ്ങി ചലഞ്ച് നടത്തുന്നതിനെതിരെ പൊലീസ് മുന്നറിയിപ്പ് വരെ നല്‍കിയിരുന്നു. യൂറോപ്പിലും അമേരിക്കയിലും ഏറെ അപകടം ക്ഷണിച്ചുവരുത്തിയ ഈ ചലഞ്ചുകള്‍ നമ്മുടം വിദ്യാര്‍ത്ഥിസമൂഹവും ഏറ്റെടുത്തതോടെ പരിഭ്രാന്തിയിലായത് മറ്റാരുമല്ല. കൗമാരക്കാരായ മക്കളുള്ള രക്ഷിതാക്കള്‍ തന്നെ.


നന്നേ ചെറുപ്രായത്തില്‍തന്നെ ഇന്‍റര്‍നെറ്റിനും മൊബൈല്‍ഫോണിനും അടിമകളായി മാറുന്നതാണ് കുട്ടികളെ ഇത്തരം പ്രവണതകളിലേക്ക് കൂട്ടികൊണ്ടുപോകുന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒപ്പം മദ്യത്തിന്‍റെയും ലഹരിമരുന്നുകളുടെയും അമിത ഉപയോഗവും. കുട്ടികളുടെ മേല്‍ നിയന്ത്രണം ഇല്ലാതെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വളര്‍ത്തുന്ന രക്ഷിതാക്കള്‍ തന്നെയല്ലേ ഇതിനെല്ലാം ഉത്തരവാദികള്‍. കതിരില്‍ കൊണ്ടുപോയി വളം വെക്കുന്ന ഇന്നത്തെ ന്യൂ ജന്‍ രക്ഷിതാക്കളുടെ രീതി പാടേ മാറേണ്ടിയിരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K