23 July, 2017 09:55:36 AM
ഒഴിഞ്ഞു നില്‍ക്കാതെ കുമ്മനം രാജശേഖരന്‍ രാജിവയ്ക്കുന്നതല്ലേ നല്ലത്
വളരെ പ്രത്യാശയോടെയാണ് കേന്ദ്രത്തിലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച യു പി ഐ സര്‍ക്കാരിനെ നീക്കി ബിജെപിയെ വന്‍ഭൂരിപക്ഷത്തോടെ ഭാരതജനത അധികാരത്തിലേറ്റിയത്. നാളിതുവരെ സര്‍ക്കാരിനെതിരെ ഗുരുതരമായ ഒരാരോപണവും വന്നിട്ടില്ലെന്നത് ജനതയ്ക്കു സന്തോഷമേകുന്ന കാര്യമാണ്.
എന്നാല്‍ ആ സന്തോഷത്തെയെല്ലാം തല്ലിക്കെടുത്തുന്നതാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന കോഴവിവാദവും മറ്റും. വടക്കേ ഇന്ത്യയിലെ ഒട്ടുമുക്കാലും സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വന്നെങ്കിലും കേരളത്തില്‍ കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് കഷ്ടിച്ചു ഒരു സീറ്റു കിട്ടുന്നത്. ത്രിപുരയില്‍നിന്നുപോലും എന്‍ ഡി എയുടെ രാഷ്ട്രപതിസ്ഥാനാര്‍ത്ഥിക്ക് വോട്ടുകിട്ടുന്ന കാലത്താണ് കേരളത്തില്‍ ബി ജെ പി കുളം കലക്കിയത്.
മാറി മാറിവരുന്ന മുന്നണികളില്‍ നിന്നൊരു മോചനം സംസ്ഥാനം കൊതിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന നിലവാരത്തിലെത്തിച്ചേരാന്‍ കേരളത്തിലെ ബിജെപിക്ക് കഴിയുന്നില്ല. സാധാരണ ഭരണം കിട്ടുമ്പോഴാണ് പാര്‍ട്ടികള്‍ ഇത്തരം കോഴവിവാദങ്ങളില്‍പെടുന്നത്. ഇവിടെ അധികാരത്തിലെത്തുംമുമ്പുതന്നെ ബി ജെ പി കളി തുടങ്ങിയിരിക്കുന്നു.
ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യത്തിന്‍റെ പ്രസക്തിതന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത് കേരളത്തിലെ ബിജെപി പെട്രോള്‍പമ്പ് അനുവദിക്കുന്നതില്‍ വ്യാപകമായ ക്രമക്കേടു കാട്ടിയത്. ഒടുവില്‍ വാജ്പേയിക്കുതന്നെ എല്ലാം അസാധുവാക്കേണ്ടിവന്നു.
ഇപ്പോഴിതാ കോഴ, കുഴല്‍പ്പണം, കള്ളനോട്ടടി എന്നിവയിലൂടെ ബിജെപി പ്രവര്‍ത്തകരും നേതാക്കളും നരേന്ദ്രമോദി സര്‍ക്കാരിന്‍റെതന്നെ ശോഭകെടുത്തുന്നു. രാജ്യത്തെ മുന്‍നിരയിലെത്തിക്കാന്‍, അഴിമതി തുടച്ചു നീക്കാന്‍ ഉചിതമായ പരിപാടികളുമായി പ്രധാനമന്ത്രി മുന്നോട്ടു പോകുമ്പോള്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍തന്നെ കൂടെനില്‍ക്കാതെ അണിയറയില്‍ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുമായി പ്രവര്‍ത്തിക്കുകയാണ്.
കേരളത്തിലെ മറ്റു പാര്‍ട്ടികള്‍ പുറത്താക്കിയ നിരവധി സാമൂഹ്യവിരുദ്ധരുടെ താവളമായി ബിജെപി അധഃപതിച്ചിരിക്കുന്നു എന്നൊരാരോപണം നിലനില്‍ക്കുന്നുണ്ട്. ഗുണ്ടാപ്പിരിവും നോക്കുകൂലിയുമായി ഇവര്‍ പാര്‍ട്ടിയുടെ യശസ്സ് കളഞ്ഞു കൊണ്ടിരിക്കുന്നു. ഇതൊക്കെ സൂചിപ്പിക്കുന്നത് ഈ പാര്‍ട്ടി മറ്റു പാര്‍ട്ടികളില്‍നിന്ന് ഒട്ടും വ്യത്യസ്ഥമല്ലെന്നാണ്.
നേതാക്കന്മാരുടെ കാര്യമാണ് അതിലേറെ വിശേഷം. വിഭാഗീയത കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. അധികാരം കിട്ടുന്നതിനു മുമ്പു തന്നെ ഗ്രൂപ്പുകളി സജീവമായിരിക്കുന്നു.
ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയക്കാരനല്ലാത്ത സംഘബോധമുള്ള അധികാരമോഹിയല്ലാത്ത കുമ്മനം രാജശേഖരനെ സംസ്ഥാനാധ്യക്ഷനാക്കുന്നത്. കുമ്മനത്തിന്‍റെ കാലത്ത് ബിജെപി വോട്ടു ശതമാനം വര്‍ദ്ധിപ്പിക്കുകയും നിയമസഭയില്‍ ഒരു സീറ്റു നേടുകയുംചെയ്തു. പ്രതിപക്ഷകക്ഷികള്‍ പോലും കുമ്മനത്തിനെ അഴിമതിക്കാരനായി കാണില്ല. അദ്ദേഹത്തിനെ അറിയുന്നവര്‍ക്ക് സംശയവുമില്ല.
എന്നാല്‍ ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ആഭ്യന്തരകാര്യമോ വ്യക്തിപരമായ അഴിമതിയോ ഒക്കെ ആയിരിക്കും. അതിനെക്കുറിച്ച് കേരളജനതയോടു സംസാരിക്കാന്‍ കുമ്മനത്തിനു ബാദ്ധ്യതയുണ്ട്. കുമ്മനം ഒന്നുകില്‍ രോഗിയായി കിടക്കണം. അല്ലെങ്കില്‍ ബിജെപി യോഗത്തില്‍ ഉടനീളം പങ്കെടുത്തതുപോലെ അല്‍പ്പസമയം പത്രസമ്മേളനത്തിന് മാറ്റിവയ്ക്കണമായിരുന്നു.
ശ്രീധരന്‍പിള്ളയോ സുരേന്ദ്രനോ പറയുന്നതുകേള്‍ക്കാനല്ല, സംശുദ്ധരാഷ്ട്രീയത്തിന്‍റെ ആള്‍ രൂപമായ കുമ്മനം പറയുന്നതു കേള്‍ക്കാനാണ് കേരളജനതയ്ക്കിഷ്ടം. ചാനലുകളില്‍ വന്ന ബിജെപി വക്താക്കള്‍ അതുമിതും പറഞ്ഞ് ജനങ്ങളെ കൊഞ്ഞനംകുത്തുകയായിരുന്നു. ആരോപണങ്ങളെ സഹിഷ്ണുതയോടെ ചെറുക്കാന്‍ ആര്‍ക്കുമായില്ല !
ഒഴിഞ്ഞുനിന്നതിലൂുടെ കുമ്മനം രണ്ടു സന്ദേശങ്ങളാണ് സമൂഹത്തിനു നല്‍കുന്നത്. ഉയര്‍ന്നുവന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ തനിക്ക് കഴിവില്ല, താന്‍ കഴിവുകെട്ട പ്രസിഡണ്ടാണ് എന്നതാണ് അതിലൊന്ന്. ഈ കോഴയിടപാടു ന്യായീകരിക്കാന്‍ താനില്ല (രാജിവയ്ക്കാത്തത് പാര്‍ട്ടിയുടെ അനുവാദമില്ലാത്തതുകൊണ്ടായിരിക്കാം) തനിക്കു മതിയായി! ഇതാവാം മറ്റൊന്ന്. രണ്ടിലേതായാലും - സംഘടനയെ സംബന്ധിച്ചും വ്യക്തിയെ സംബന്ധിച്ചും - കുമ്മനം രാജിവയ്ക്കുന്നതാണ് നല്ലത്.