03 December, 2019 06:21:38 AM
വിവാഹിതയായ മകളുടെ നഗ്ന ദൃശ്യങ്ങൾ ഇന്‍റർനെറ്റിൽ; മാതാപിതാക്കൾക്കുള്ള പങ്ക് വിസ്മരിക്കരുത്
- അനിലൻ നമ്പൂതിരി
വിവാഹ വീഡിയോ ഫോട്ടോ ഷൂട്ടിംഗ് ഇന്ന് അതിരുകള്‍ ലംഘിക്കുകയാണെന്ന് എല്ലാവരും തുറന്നു സമ്മതിക്കുന്നു. ചുംബന രംഗങ്ങളും നഗ്ന രംഗങ്ങളും പകര്‍ത്താന്‍ അതീവ താല്പര്യം കാണിക്കുന്ന ചിലരുണ്ട്. വധുവിനെ മഴ നനയിക്കുന്നതും നദിയിലും കുളത്തിലും ഇറക്കി കുളിപ്പിക്കുന്നതിന്റെയും പിന്നില്‍ ചില വികല മനസ്സുകളുടെ ദുഷ്ട ലക്ഷ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഷൂട്ട് ചെയ്യുന്നതോടോപ്പം ആരുമറിയാതെ പെണ്‍കുട്ടിയുടെ നഗ്നത ആസ്വദിക്കുകയും ചെയ്യുകയാണിവര്‍.
ഫോട്ടോഗ്രാഫര്‍ എന്തു പറഞ്ഞാലും അങ്ങനെ ചെയ്യുന്നതിന് വധൂവരന്മാര്‍ യാതൊരു മടിയും കാണിക്കാറില്ലാത്ത കാലം. ഫോട്ടോഗ്രാഫറുടെ മുമ്പില്‍ വസ്ത്രമഴിക്കുവാന്‍പോലും യാതൊരു മടിയും ഇല്ലെന്നതാണ് ഇന്റെര്‍നെറ്റിലെ പല ദൃശ്യങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ പരസ്യ ചിത്രങ്ങളുടെ ചിത്രീകരണത്തില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതില്‍ അഭിനയിക്കുന്നത് അഭിനയം തൊഴിലാക്കിയ പ്രൊഫഷണലുകളാണ് എന്നതും നാം ചിന്തിക്കണം. കേരളത്തിലെ കുടുംബാന്തരീക്ഷത്തില്‍ നടക്കുന്ന വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്ക് വധുവിന്റെ നഗ്നദൃശ്യങ്ങള്‍ എന്തിനെന്ന ചോദ്യവും ഉയരുകയാണ്.
ഫോട്ടോഗ്രഫി മേഖലയില്‍ സംഘടനകള്‍ പലതുണ്ടെങ്കിലും കടിഞ്ഞാണ്‍ ആരുടെയും കയ്യിലില്ല. സംഘടനയില്‍ ഇല്ലാത്തവരാണ് ബഹുഭൂരിപക്ഷവും. വര്‍ഷംതോറും നൂറു കണക്കിന് ഫോട്ടോഗ്രാഫര്‍മാര്‍ പഠിച്ചിറങ്ങുന്നു. തൊഴില്‍ മേഖലയിലെ കടുത്ത മത്സരത്തെ അതിജീവിക്കുവാന്‍ പുത്തന്‍ ട്രെന്‍ഡുകള്‍ ചിലര്‍ പരീക്ഷിക്കുന്നു. ഇതിനിടെ വിവാഹ ഫോട്ടോഗ്രാഫിയുടെ എല്ലാ മാന്യതകളും മര്യാദകളും ലംഘിക്കപ്പെടുന്നു. ഫോട്ടോഗ്രാഫര്‍മാരെ അവജ്ഞയോടെ ജനങ്ങള്‍ കാണുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയാണ്.
മുന്‍ കാലങ്ങളില്‍ വിവാഹത്തിനുശേഷം പരിമിതമായ നിലയില്‍ റൊമാന്റിക് രംഗങ്ങൾ പകര്‍ത്തുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ഇന്ന് വിവാഹത്തിന് മുമ്പുള്ള ഷൂട്ടിങ്ങിനാണ് പ്രാധാന്യം. പ്രീ വെഡിംഗ് ഷൂട്ടുകളും സേവ് ദി ഡേറ്റ് ഷൂട്ടുകളും കേരളത്തിന് പുറത്തേക്ക് വരെ നീളുന്ന യാത്രയാണ്. വിവാഹം കഴിക്കുന്നതിനു മുമ്പാണ് ഇതെന്നും ഓര്‍ക്കുക. നിസ്സാര അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം നിശ്ചയിച്ചുറപ്പിച്ച വിവാഹംപോലും മുടങ്ങുന്നത് സാധാരണമാണ്. വിവാഹത്തിന് മുമ്പ് ഇത്തരം ഷൂട്ടിംഗ് പരിപാടികൾ വേണോ എന്ന് ചിന്തിക്കേണ്ടത് വിവാഹിതരാകാന്‍ പോകുന്നവരും അവരുടെ മാതാപിതാക്കളുമാണ്.
അതിരുവിട്ടുള്ള ഷൂട്ടുകള്‍ക്ക് ചില ഫോട്ടോഗ്രാഫര്‍മാര്‍ തന്നെയാണ് മുന്‍കൈ എടുക്കുന്നത്. സിനിമയിലെ റൊമാന്റിക് രംഗങ്ങളെ അതേപടി പകര്‍ത്തുകയാണ് ഇവര്‍. സിനിമയില്‍ അഭിനേതാക്കള്‍ തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുമ്പോള്‍ ഇവിടെ യഥാര്‍ഥ കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ പോകുന്നവരാണ് സിനിമയിലെ രംഗങ്ങളെ കടത്തിവെട്ടുന്ന അഭിനയം കാഴ്ച വെക്കുന്നത്. ഇന്റര്‍നെറ്റിലെ ഫോട്ടോയും വീഡിയോയും കണ്ട് മനസ്സ് നിറഞ്ഞാണ് പലരും ഫോട്ടോഗ്രാഫര്‍മാരെ ബുക്ക് ചെയ്യുന്നത്. യാതൊരു മുന്‍ പരിചയവും ഇവരുമായി വീട്ടുകാര്‍ക്കോ വധൂവരന്മാര്‍ക്കോ ഉണ്ടാകാറില്ല. വര്‍ഷങ്ങളായി തങ്ങള്‍ക്ക് പരിചയവും ബന്ധവുമുള്ളവരെ ഒഴിവാക്കിക്കൊണ്ടാണ് ഇവന്റ് കമ്പിനിക്കും പുറം നാട്ടുകാര്‍ക്കും ജോലി നല്‍കുന്നത്.
വീട്ടുകാരുമായി യാതൊരു വിധേയത്വവും ഇല്ലാത്ത ഫോട്ടോഗ്രാഫർമാരും ഇവന്റ് മാനേജ്മെന്റ് കമ്പനികളും എടുക്കുന്ന ഫോട്ടോയും വീഡിയോയും ദുരുപയോഗം ചെയ്യുവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഔട്ട് ഡോര്‍ ഷൂട്ടിങ്ങില്‍ അറിയാതെ ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്രകാരം ദുരുപയോഗം ചെയ്യുന്നത്. ഇതിനുവേണ്ടിയാണ് വധൂവരന്മാരെ നനയിക്കുന്നതും വെള്ളത്തില്‍ ഇറക്കുന്നതും. ഇതൊക്കെ നീല ചിത്രങ്ങളുടെ ഭാഗമായി ഇന്റര്‍നെറ്റില്‍ വൈറല്‍ ആയാല്‍ നെറ്റി ചുളിക്കരുത്. ഒരുപക്ഷെ മകളുടെ നഗ്നമേനി പിതാവിന് കാണേണ്ടിവരുന്നതും യാദൃശ്ചികമാകാം.
നേരം വെളുക്കുമ്പോള്‍ വലിയ വണ്ടിയില്‍ യുണിഫോം ധരിച്ച കുറെ പേർ വീട്ടുമുറ്റത്ത് വന്നാല്‍ അതില്‍ അഭിമാനിക്കുന്നവര്‍ വീണ്ടുവിചാരം നടത്തിയാല്‍ നന്നായിരിക്കും. തലമുടി നീട്ടിവളര്‍ത്തി കുളിക്കാതെയും പല്ലുപോലും തേക്കാതെയും ഇവരോടോപ്പം എത്തുന്നവരില്‍ കൊടും ക്രിമിനലുകള്‍ വരെയുണ്ടാകും. മിക്കവരും മയക്കുമരുന്നിന് അടിമകളുമാണ്. വിവാഹ വീട്ടില്‍ യഥേഷ്ടം കയറിയിറങ്ങുന്ന ഇവര്‍ എന്തൊക്കെ ചെയ്യുന്നു എന്ന് തിരക്കിനിടയില്‍ നിങ്ങള്‍ക്ക് നോക്കുവാന്‍ കഴിയില്ല. ഇവരുടെ കയ്യിലുള്ള ഫോണില്‍ എന്തൊക്കെ എടുക്കുന്നു എന്നും നിങ്ങള്‍ അറിയുന്നില്ല. ഒരു പരിചയവും ഇല്ലാത്ത ഇവരെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും. വിവാഹ വീടുകളില്‍ നിന്നും സ്വര്‍ണ്ണവും വിലകൂടിയ മൊബൈല്‍ ഫോണുകളും അടിച്ചുമാറ്റുന്നത് നിത്യ സംഭവമാണ്. എന്നാല്‍ ഇതിന്റെ പുറകെ പരാതിയുമായി ആരും പോകാറില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ ഇക്കാര്യം അറിയാറുമില്ല.
ജാഗ്രത പാലിച്ചാല്‍ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നുപോകാം. ഇല്ലെങ്കില്‍ തെരുവുകളില്‍ ആര്‍ത്തിയോടെ നിങ്ങളെ നോക്കുന്ന കഴുകന്‍ കണ്ണുകളെ നിലക്കു നിര്‍ത്തുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞെന്നു വരില്ല. പാരമ്പര്യത്തെയും സംസ്കാരത്തെയും ചവറ്റുകൊട്ടയിലേക്ക് എറിഞ്ഞ് ആധുനികത എന്നു പറഞ്ഞ് സെക്സി ഫോട്ടോഷൂട്ട് നടത്തുന്ന കുറേ പേർ ഇറങ്ങിയിട്ടുണ്ട്. കഴിയുന്നതും അങ്ങനെയുള്ള ഫോട്ടോ ഷൂട്ടുകൾ ഒഴിവാക്കുകയും നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നതല്ലേ ബുദ്ധി.