28 June, 2017 01:01:44 PM


ഒരേയൊരിന്ത്യ, ഒരൊറ്റ നികുതി ! വരവേല്‍ക്കാം നമുക്കീ ജി എസ് ടിയെ



ഒരേയൊരിന്ത്യാ, ഒരൊറ്റ ജനത..

ഇങ്ങനെ ഒരു മുദ്രാവാക്യം നമ്മള്‍ കേട്ടിട്ടുണ്ട്. കൂടുതലും നമ്മുടെ രാജ്യത്തിന് ഭീഷണികള്‍ ഉയരുമ്പോള്‍. ഇപ്പോഴിതാ പുതിയൊരു മുദ്രാവാക്യം ഉയര്‍ന്നു കഴിഞ്ഞു. ഒരേയൊരിന്ത്യ, ഒരൊറ്റ നികുതി.


അതേ, നമ്മള്‍ ജി എസ് ടി യുടെ കാലത്തേയ്ക്ക് കാലെടുത്തുവയ്ക്കുകയാണ്. സ്വതന്ത്ര ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ മുഹൂര്‍ത്തമാണ്. ജി എസ് ടി എന്നാല്‍ ചരക്ക് സേവന നികുതി എന്നര്‍ത്ഥം.


ഈ സന്ദര്‍ഭത്തില്‍, ആദ്യമായി വിമാനത്തില്‍ കയറാന്‍പോകുന്നൊരാളുടെ ഭീതിയുണ്ടാകുന്നത് മനുഷ്യസഹജംമാത്രം. സത്യത്തില്‍ അത്രത്തോളം ഭയം ഇക്കാര്യത്തില്‍ വേണ്ട. വിമാനം വീണുതകര്‍ന്നു ജീവന്‍പോകാനും പോകാതിരിക്കാനും സാധ്യതയുണ്ട്.  ഇക്കാര്യത്തില്‍ ജീവനാശത്തിന്റെ പ്രശ്നമേ ഉദിക്കുന്നില്ല.


ഏതൊരു പരിഷ്കാരവുംപോലെ എല്ലാപേരെയും തൃപ്തിപ്പെടുത്താന്‍ ജി എസ് ടിക്കും ആവില്ല. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് വലിയ ഗുണങ്ങളാണ് ഉള്ളത്. നിത്യോപയോഗ സാധനങ്ങളില്‍ പലതിനും ജി എസ്  ടി  ഇല്ല. ആകെ വിറ്റുവരവ് 20 ലക്ഷത്തിനുമേല്‍ ഉണ്ടെങ്കിലേ ജി എസ് ടി ബാധകമാകുകയുള്ളൂ. ചെറുകിട വ്യാപാരികള്‍ക്ക് ഇത് പ്രയോജനം ചെയ്യും.


അതുപോലെതന്നെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാകുന്നതോടെ അവിടുത്തെ അഴിമതിയും പിടിച്ചുപറിയും കാലതാമസവും എല്ലാം ഒഴിവാകുകയാണ്. 


ജൂലായ്‌ ഒന്ന് മുതല്‍ ജി എസ് ടി പ്രാബല്യത്തില്‍ വരും. ഏറെക്കാലമായി ഇന്ത്യ ശ്രമിക്കുന്നതാണ് ഈ പരിഷ്ക്കരണത്തിന് എന്നാല്‍ രാഷ്ട്രീയമുള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. പൊക്രാനിലെ ആണവ പരീക്ഷണവും ഇങ്ങനെ നീണ്ടുപോയ കാര്യങ്ങളുടെ പട്ടികയില്‍പ്പെടും.


കേരളവും കാശ്മീരുമൊഴികെയുള്ള സംസ്ഥാനങ്ങള്‍ ജി എസ് ടി ബില്‍ പാസ്സാക്കി. കേരളം ഇക്കാര്യത്തില്‍ ഒരു ഓര്‍ഡിനന്‍സ് ആണ് കൊണ്ടുവന്നത്. ജി എസ് ടി വരുമ്പോഴുള്ള ആശങ്കകള്‍ ദൂരികരിക്കാന്‍ ധനമന്ത്രാലയം രാജ്യവ്യാപകമായി ചെയ്യുന്ന പരിശീലന/സംശയ നിവാരണ ക്ലാസ്സുകളും മാധ്യമങ്ങളില്‍ പരസ്യങ്ങളും സ്വാഗതാര്‍ഹമാണ്‌.


കാനഡ,ഫ്രാന്‍സ്,ജപ്പാന്‍, ചൈന,ദക്ഷിണ കൊറിയ,യുറോപ്യന്‍ യൂണിയന്‍,മലേഷ്യ, സിംഗപ്പൂര്‍,ഓസ്ട്രേലിയ, ന്യുസിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ജി എസ് ടി നേരത്തേ നടപ്പാക്കിയിട്ടുണ്ട്.  ഇന്ത്യകണ്ട ഏറ്റവും വലിയ നികുതി പരിഷ്കരണമാണിതെന്നും  അമേരിക്കയും ഉടനെ നികുതി പരിഷ്കരിക്കുമെന്നുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ്‌ ട്രമ്പ്‌ അഭിപ്രായപ്പെട്ടത്.  


വൈകിയെങ്കിലും രാജ്യത്തെ ഒന്നായി കാണാനുള്ള ഈ നടപടി പൊതുവേ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കാണുന്നത് ശുഭകരമായ സംഗതിയാണ്. ധീരമായ നടപടിക്കു തയ്യാറായ കേന്ദ്ര സര്‍ക്കാരിനെ ഇക്കാര്യത്തില്‍ പ്രശംസിക്കേണ്ടതാണ്. അതുപോലെ രാഷ്ട്രീയമായി എതിര്‍പക്ഷത്തെങ്കിലും കേന്ദ്രസര്‍ക്കാരിനോട് സഹകരിച്ച പിണറായി സര്‍ക്കാരിനെയും അനുമോദിക്കാതെ വയ്യ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K