15 June, 2017 05:29:16 PM


യെച്ചൂരി, കൊടിമരം, ഹർത്താൽ - ഒരു 'തകർപ്പൻ' വീരഗാഥ !



പെരുകുന്ന അക്രമങ്ങളും അതോടൊപ്പം പ്രാദേശിക ഹർത്താലുകളും കേരളസമൂഹത്തിനു തലവേദനയായിക്കൊണ്ടിരിക്കുന്നു. മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഹർത്താലുകളെ ജനങ്ങൾ ഒരുവിധം സഹിച്ചു വന്നിരുന്നു. എന്നാൽ നിസ്സാരകാരണങ്ങൾക്കുപോലുമുണ്ടാകുന്ന ഹർത്താലുകൾ പൊടുന്നനെ വരുന്നതാണ്. ഏതു നിമിഷവും ഉണ്ടാകാനിടയുള്ള ഹർത്താലിനെ പ്രതീക്ഷിച്ചുകൊണ്ടു വേണം കേരളത്തിലെ ജനങ്ങൾക്ക് പുറത്തിറങ്ങാൻ.

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത്‌ ഇതൊക്കെ നല്ലതാണോ? സി പി ഐ എമ്മിന്‍റെ ജനറൽ സെക്രട്ടറിയെ മർദ്ദിച്ചു എന്ന് പറഞ്ഞാണ് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. സെക്രട്ടറിയുടെ നേർക്കുള്ള ആക്രമണം അങ്ങേയറ്റം നിന്ദ്യമാണ്. സമൂഹമൊന്നാകെ അതിനെ അപലപിക്കേണ്ടതാണ്. എന്നാൽ മറ്റു കക്ഷികളുടെ കൊടിമരങ്ങളും ഓഫീസുകളും അടിച്ചു തകർക്കുന്നതിലൂടെ ഇരകൾക്കു വേട്ടക്കാരന്‍റെ പദവിയാണ് ചേരുന്നത്.

അഞ്ഞൂറോ ആയിരമോ വില വരുന്ന ഒരു കൊടിമരം തകർത്തതിന്‍റെ പ്രതിഷേധത്തിലൂടെ അനേകായിരങ്ങൾ മണിക്കൂറുകളോളം പെരുവഴിയിലായ അടുത്തിടെ മിക്ക ജില്ലകളിലും ഉണ്ടായി. അടി, തിരിച്ചടി, കല്ലേറ് ഇതൊന്നും ഒരു പരിഷ്കൃതസമൂഹത്തിൽ നല്ല കാര്യങ്ങളല്ല. നിയമസഭയിലെ സ്പീക്കറുടെ ചേംബർ തല്ലി തകർത്തവരും കൂട്ട് നിന്നവരുമൊക്കെ ഇന്നത് ചെയ്യുമോ? അവരിലൊരാൾ വലിച്ചെറിഞ്ഞ കസേരയിലല്ലേ ഇപ്പോൾ ഇരിക്കുന്നത്?

അതുപോലെ എല്ലാ പാർട്ടികളും വിദ്യാർത്ഥികളും നിയമം കയ്യിലെടുക്കാൻ തുടങ്ങിയാൽ നാടിന്‍റെ അവസ്ഥ എന്താകും? എലിയെ പേടിച്ചു ഇല്ലം ചുടുന്ന അവസ്ഥ മാറേണ്ടിയിരിക്കുന്നു. അണികൾ സ്വന്തം നിലയിൽ ആവേശത്തോടെ ചെയ്യുന്ന കാര്യങ്ങൾ അംഗീകരിച്ചു കൊടുക്കേണ്ട നിലയാണ് നേതാക്കൾക്കിപ്പോൾ. ഭരണകക്ഷിവിഭാഗം അക്രമം അഴിച്ചുവിട്ടപ്പോൾ നിഷ്ക്രിയമായിരുന്നു ഗുജറാത്തു സർക്കാരെന്ന് ആരോപിച്ചവരും ഫലത്തിൽ അതു തന്നെയല്ലേ ഇവിടെ കാട്ടിക്കൂട്ടുന്നത്?

ഇന്നാട്ടിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു. അല്ലാത്ത പക്ഷം അരാജകത്വമായിരിക്കും ഇവിടെ നടമാടുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K