15 November, 2016 10:04:23 AM
കള്ളപ്പണവേട്ടയും നാട്ടുകാരുടെ സ്വാർത്ഥതയും
നാടാകെ നോട്ടു പിൻവലിക്കലുമായി ബന്ധപ്പെട്ട സംസാരമാണ്.'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും' എന്ന് ചങ്ങമ്പുഴ പാടിയ നിലയാണ്.
രാജ്യത്ത് അഭൂതപൂർവ്വമായ കള്ളപ്പണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടി ഇപ്പോൾ ഉണ്ടായിട്ടുളളത്. ആലോചിച്ചു നോക്കിയാൽ ഇത് ആകസ്മികവുമല്ല.എല്ലാ പൗരന്മാരും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും അതിനു പണം നിക്ഷേപിക്കേണ്ടതില്ല എന്നും ഈ സർക്കാർ നേരത്തേ തന്നെ നിർദ്ദേശിച്ചിരുന്നതാണ്.
മുൻമുഖ്യമന്ത്രി പറഞ്ഞതുപോലെ നമ്മുടെ നാട്ടുകാർ പണം അലമാരയിലും അരിപ്പാത്രത്തിലും തലയണക്കീഴിലും ഒക്കെ സൂക്ഷിക്കുന്നവരാണ്. പൊതുജനം കൈകാര്യം ചെയ്യേണ്ട പണത്തെ ഇങ്ങനെ സൂക്ഷിക്കുന്നത് പണക്ഷാമം ഉണ്ടാക്കാനേ ഉപകരിക്കൂ. ഈ പ്രവൃത്തി തെറ്റാണെന്നു ബോധ്യമാക്കി ജനങ്ങളെ ബാങ്കിങ് ഇടപാടുകളിൽ ഏർപ്പെടുത്താൻ നാളിതുവരെ ഭരിച്ച ഒരു സർക്കാരിനും തോന്നിയില്ല എന്നത് നമ്മുടെ രാജ്യം എങ്ങനെയാണ് 'പുരോഗമിച്ചു'കൊണ്ടിരുന്നത് എന്നതിന്റെ ദൃഷ്ടാന്തമാണ്.
കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചുകൊണ്ട് വോട്ടു ചോദിച്ചധികാരത്തിൽ വന്നൊരു സർക്കാരിന് ശക്തമായ നടപടികൾ സ്വീകരിച്ചേ തീരൂ..നടപടികളിൽ വീഴ്ചയുണ്ടെന്നു പറയുന്ന മുൻ സർക്കാരുണ്ടാക്കിയ കക്ഷികൾ എന്തുകൊണ്ട് 'ബുദ്ധിമുട്ടില്ലാത്ത'രീതിയിൽ ഇത്തരം നടപടി എടുത്തില്ല? രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ഒരു വൃക്ഷം വീണാൽ കുറെ നാശമുണ്ടാകും, അത് സ്വാഭാവികം എന്ന് 'നരനായാട്ടിനെ' ന്യായീകരിച്ചവരാണ് ഇപ്പോൾ വിമർശനവുമായി വന്നിരിക്കുന്നത്.
നടപടി ശക്തമാകണമെങ്കിൽ പഴുതുകൾ അടച്ചേ മതിയാകൂ.കുറച്ചുപേർക്ക് ബുദ്ധിമുട്ടുണ്ടാക്കും.അത് പരമാവധി ലഘൂകരിക്കാൻ ശ്രമിക്കുകയാണ്, സഹകരിക്കുകയാണ് വേണ്ടത്. അല്ലാതെ 'രണ്ടരക്കോടിയുടെ കാറിൽ വന്നിറങ്ങി നാലായിരം രൂപ'യുടെ നോട്ടു മാറുവാൻ ക്യു നിൽക്കുന്ന നാടകം കളിക്കൽ അപഹാസ്യമാണ്.
ദേശസ്നേഹമുള്ള എല്ലാവരും ഈ നടപടിയോട് സഹകരിക്കുകയാണ് വേണ്ടത്. ബാങ്ക് ജീവനക്കാർ പലരും നല്ല രീതിയിൽ സന്ദർഭത്തിനനുസരിച്ച് പെരുമാറുന്നുണ്ട് എന്നംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, പ്രധാനമന്ത്രിക്കും ബി ജെപി ക്കും വളരെയധികം സ്വീകാര്യത കിട്ടുന്ന ഈ നടപടിയെ തുരങ്കം വയ്ക്കുന്ന നിലപാടുകൾ എടുക്കുന്ന , പ്രതിപക്ഷ യൂണിയനിൽപ്പെട്ട ജീവനക്കാർ സാഹചര്യം മുതലെടുക്കുന്നുണ്ട്. അതോടൊപ്പം കേന്ദ്ര സർക്കാർ വിരുദ്ധ മാധ്യമങ്ങൾ എരിതീയിൽ എണ്ണ ഒഴിച്ച് കൊടുക്കുന്നുമുണ്ട്.
ഇത്രയധികം ആളുകൾ ബാങ്കുകളിൽ നിക്ഷേപിക്കാതെ പണം വീടുകളിൽ സൂക്ഷിക്കുകയായിരുന്നു.പാവപ്പെട്ട ഒരാൾക്കും ഇത്രയേറെ സമ്പാദ്യം ഉണ്ടാവാൻ ഇടയില്ല.വലിയ പണക്കാർ അയക്കുന്നവരോ ഇടത്തരക്കാരോ ആയിരിക്കണം തിരക്കുണ്ടാകുന്നതിനു കാരണക്കാർ.
എസ്.ബി.ടി.പോലുള്ള ബാങ്കുകൾ പണ്ടേ ജനപ്രിയരല്ല! അവിടുത്തെ ജീവനക്കാരുടെ പെരുമാറ്റം സർക്കാർ ഓഫീസിലേതുപോലെയാണ് എന്ന പരാതിയുമുണ്ട്..പുതിയ തലമുറ ബാങ്കുകളിൽ ചെന്നാൽ ഈ വ്യത്യാസം തിരിച്ചറിയാം.ഇടതുപക്ഷ യൂണിയനുകളുടെ ശക്തിയും കേന്ദ്ര വിരുദ്ധ നിലപാടും എസ്.ബി.ഐ.യിലേക്ക് ലയിപ്പിക്കാനുള്ള തീരുമാന പ്രതിഷേധവും ഒന്നിക്കുമ്പോഴുണ്ടാകുന്ന രോഷമാണ് സാധാരണക്കാരെ മനപ്പൂർവ്വം വലയ്ക്കുന്നത്.
കണക്കിൽ കവിഞ്ഞ ധനമില്ലാത്ത ആർക്കും ഒന്നും നഷ്ടപ്പെടാനില്ല.അസാധുവായ നോട്ടുകൾ മാറുവാൻ ഒരുമാസത്തിലേറെ സമയം കൊടുത്തിട്ടും അത്യാവശ്യക്കാരല്ലാത്തവരെല്ലാം പിറ്റേന്നുതന്നെ ബാങ്കിലേക്ക് ഓടി ചെന്നതും പ്രശ്നമാണ്.എന്തിനും സമാധാനം വേണം.നിറച്ച എ ടി എമ്മുകൾ നിമിഷങ്ങൾക്കകം കാലിയാകുന്നു.എന്നാൽ കച്ചവട സ്ഥാപനങ്ങളിൽ കച്ചവടം നടക്കുന്നുമില്ല.അപ്പോൾ ഈ പിൻവലിച്ച തുകയൊക്കെ എവിടെ പോകുന്നു? വീണ്ടും അലമാരയിലും അരിപ്പാത്രത്തിലും തലയണക്കീഴിലും ഒക്കെ കൊണ്ടു വെക്കുകയാണോ? അത്തരക്കാർക്കു ഒരുപക്ഷേ, താമസിയാതെ പിൻവലിക്കുമെന്ന് ഏവരും വിശ്വസിക്കുന്ന, രണ്ടായിരത്തിന്റെ നോട്ടുകൾ കീറാമുട്ടിയാകും.
ഇത്തരം സാഹചര്യം ഉണ്ടായപ്പോൾ ഒന്നുകൂടി തെളിഞ്ഞു.നാട്ടുകാരുടെ സ്വാർത്ഥത.അവനവന്റെ കാര്യംമാത്രം നോക്കൽ. പാവങ്ങളെ സഹായിക്കുന്നു എന്ന പേരിൽ ചിലർ കമ്മീഷൻ വാങ്ങുന്നു.അഞ്ഞൂറു രൂപയുടെ സാധനം വാങ്ങാൻ ആളുകളെ നിർബന്ധിക്കുന്നു.മുതലെടുപ്പാണ് എവിടെയും! രാജ്യത്ത് ഒരു പ്രശ്നമുണ്ടായി ആഹാരം ഹെലികോപ്റ്റർ വഴി വിതരണം ചെയ്യുകയാണെങ്കിൽ മര്യാദക്കാരന് ഒരു പൊതിപോലും കിട്ടില്ലെന്ന് ഉറപ്പാണ്!
ബാങ്ക് ജീവനക്കാരുടെ സമര നാളുകളിലും ഹർത്താൽ, ബന്ദ് അവസരങ്ങളിലും ഉണ്ടാകുന്ന ബുദ്ധിമുട്ടേ ഇവിടെ ഉണ്ടാകുന്നുള്ളൂ. സംസ്ഥാനത്തു പ്രശ്‌നമുള്ളപ്പോൾ മുൻ സർക്കാരിലെ നേതാക്കൾ പോയതുപോലെ എ ഐ സിസിക്കോ പോളിറ് ബ്യുറോ ക്കോ അല്ല . രാജ്യത്തിനു അനുഗുണമായ കാര്യങ്ങൾക്കു വേണ്ടിയാണ് പ്രധാനമന്ത്രി ജപ്പാനിൽ പോയത്- അതും മുൻ നിശ്ചയമനുസരിച്ച്- എന്നുകൂടി ജനങ്ങൾ മനസ്സിലാക്കുന്നത് നന്ന്.