14 January, 2016 09:15:20 PM
ബാറും ലാവ് ലിനും ; വൃത്തികേട് കാണിക്കുന്നതിനും ഒരതിരുണ്ട്
കേരളത്തില്‍ പാരമ്പര്യം കാക്കുന്ന വീടുകളില്‍ കര്‍ക്കടകമാസാവസാനദിവസം കേള്‍ക്കുന്നൊരു പ്രയോഗമുണ്ട്.
"പൊട്ടി പുറത്ത്, ശീവോതി അകത്ത്". പോയ വര്‍ഷത്തെ മാലിന്യങ്ങളും തിന്മകളും ഉപേക്ഷിച്ച് പുത്തന്‍ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ നില്‍ക്കുന്ന വേളയിലാണ് ഈ പ്രയോഗം കേള്‍ക്കുക - ജ്യേഷ്ഠാ ഭഗവതി പുറത്തു പോകുക, ശ്രീദേവി ഭഗവതി ഐശ്വര്യവുമായി വീടിനകത്തേക്കു കടന്നു വരിക.
ഇപ്പോള്‍ ഇതോര്‍മ്മിക്കാന്‍ കാരണമുണ്ട്. രണ്ട് ദിവസങ്ങളായി മാധ്യമങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ ചുരുക്കി പറഞ്ഞാല്‍ ഒരു പാരഡി തെളിയും - "മാണി പുറത്ത്, പിണറായി അകത്ത്". എന്നാല്‍ ഇവിടെ ഈ അകപുറങ്ങള്‍ക്ക് മാറ്റമുണ്ട്. മാണി നിയമക്കുരുക്കുകളില്‍ നിന്ന് പുറത്തേക്കാണ് പോകുന്നതെങ്കില്‍ കുരുക്കിനകത്തേക്കാണ് പിണറായിയുടെ ഗതി! അത്രയേയുള്ളു വ്യത്യാസം.
മാണി പുറത്തുപോകുന്നതും പിണറായിയെ അകത്താക്കാന്‍ ശ്രമിക്കുന്നതും രണ്ടു വാര്‍ത്തകളാണ്. ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. അരിയാഹാരം കഴിക്കുന്ന ഏതു മലയാളിയും ഈ രണ്ടു വാര്‍ത്തകളും കൂട്ടി വായിക്കുക തന്നെ ചെയ്യും. അത്രകണ്ട് രാഷ്ട്രീയ പ്രേരിതമാണ് കാര്യങ്ങള്‍.
മാണിയുടെ മന്ത്രിപദവി വെടിയലിനു കാരണഭൂതനായ എസ് പി സുകേശന്‍ തന്നെ മാണിയുടെ തിരിച്ചു വരവിനും കാരണമായിരിക്കുന്നു. ഈ കരണം മറിച്ചിലിന് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണ് ഘടകമാണ് പറയേണ്ടതില്ലല്ലോ ! മാണി രാജി വെച്ചുവെങ്കിലും ആസന്നമായ തെരഞ്ഞടുപ്പില്‍ യുഡിഎഫിന്‍റെ വിജയസാധ്യത കണ്ടറിയണം.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള രാഷ്ട്രീയതീരുമാനമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സര്‍ക്കാരിന്‍റെ സ്വന്തം ഏജന്‍സിയായ വിജിലന്‍സിന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുമായാണ് ബന്ധപ്പെട്ട കക്ഷികള്‍ നില്‍ക്കുന്നത്. "എന്‍റെ മകന്‍ പറഞ്ഞു, ഞാന്‍ കള്ളനല്ല" എന്ന ഒരച്ഛന്‍റെ അവകാശവാദം പോലെ. അതിനുവേണ്ടി 'കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കിക്കുന്നതു' പോലെ എസ് പി സുകേശനെ ഉപയോഗിക്കുന്നു. സുകേശനെ കുററപ്പെടുത്തുന്നില്ല. ഏതു സര്‍ക്കാര്‍ ഭരിച്ചാലും ഉദ്യോഗസ്ഥര്‍ വിധേയരാകേണ്ടി വരും. ആദര്‍ശം പറഞ്ഞു പണി കളയണമെങ്കില്‍ "അപ്പന്‍ കണ്ട സ്വത്ത്" ഉണ്ടായിരിക്കണം.
ഏതായാലും യുഡിഎഫ് സര്‍ക്കാരിന്‍റെ കോമഡി ഷോ കലക്കുന്നുണ്ട്! സത്യം പറഞ്ഞാല്‍ വിജയിക്കാനുള്ള പല വികസനപ്രവര്‍ത്തനങ്ങളും ഈ സര്‍ക്കാരിന്‍റെ കാലത്ത് നടന്നിട്ടുണ്ട്. അതൊക്കെ ജനങ്ങളെ ഓര്‍മ്മിപ്പിക്കുന്നതിനു പകരം കേരള രക്ഷായാത്ര എന്ന പേരില്‍ പൊറോട്ടുനാടകവും മറ്റും നടത്തുകയാണ് ഉത്തരവാദപ്പെട്ടവര്‍. മാണിയെ കറകളഞ്ഞ് പുണ്യാഹത്തില്‍ മുക്കി പൊക്കിയെടുത്താലും യുഡിഎഫിന് വിജയം ഉറപ്പില്ല.
അതുകൊണ്ടാണ് കേസില്‍ നിന്നൂരിപോന്ന പിണറായി വിജയനെതിരെ ലാവ് ലിന്‍ കുത്തിപൊക്കുന്നത്. കേസ് ഉണ്ടോ ഇല്ലയോ എന്നതു രണ്ടാമത്തെ കാര്യം. ഇക്കഴിഞ്ഞ കാലങ്ങളില്‍ മിണ്ടാതിരുന്നിട്ട് തെരഞ്ഞെടുപ്പിനു തൊട്ടുമിമ്പ്, അതും പിണറായി മുഖ്യമന്ത്രിയാകുമെന്ന് നാട്ടില്‍ സംസാരമുള്ളപ്പോള്‍ ഈ ചെയ്തത് ഒന്നാന്തരം കുടില രാഷ്ട്രീയ തന്ത്രത്തിന്‍റെ ഉത്തമ ദൃഷ്ടാന്തമാണ്.
ഒന്നുകില്‍ മാണിയെ വെള്ള പൂശി, പിണറായിയെ കരിതേച്ച് വിജയം കാണുക. അതല്ലെങ്കില്‍ എല്‍ഡിഎഫും യുഡിഎഫും കണക്കാണെന്ന് വരുത്തി ബിജെപിയെ അധികാരത്തില്‍ കൊണ്ടുവരിക. യുഡിഎഫിന്‍റെ ലക്ഷ്യം എന്താണെന്ന് അറിയില്ല. പക്ഷേ ഒരു കാര്യം പറയാം. ഇന്നാട്ടില്‍ ജീവിക്കുന്ന വോട്ടര്‍മാര്‍ പൊട്ടന്മാരൊന്നുമല്ല. അവരുടെ മു്ന്നില്‍ നിന്ന് ഇത്തരം കോപ്രായം കാട്ടുമ്പോള്‍ അവര്‍ അതിശക്തമായി തന്നെ പ്രതികരിക്കുമെന്ന് ഒാര്‍ത്താല്‍ നമ്മുടെ നേതാക്കള്‍ക്ക് കൊള്ളാം.