20 October, 2026 05:45:41 PM
കോവളം സ്പാ കേസ്: ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: കോവളത്തെ സ്‌പായിൽ പതിനാറുകാരി ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമ തിരുവനന്തപുരം കോർപറേഷനിലെ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. ഉള്ളൂർ സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്‌പെക്‌ടറായ അനുരൂപാണ് അറസ്റ്റിലായത്. പിന്നാലെ തിരുവനന്തപുരം കോർപറേഷൻ മേയർ ഉദ്യോഗസ്ഥനെ സസ്‌പൻഡ് ചെയ്‌തു.
പെൺകുട്ടി ജോലിക്കുനിന്ന ഡ്രീംസ് എന്ന സ്‌പാ അനുരൂപിന്റെ ബിനാമി സ്ഥാപനമാണെന്ന് നേരത്തെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പൂവാർ സ്വദേശിയായ നിഷാന്തിനെ ബിനാമിയാക്കിയാണ് അനുരൂപ് സ്‌പാ നടത്തിയിരുന്നത്. ഇയാളെ നേരത്തെതന്നെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്‌പായിൽ വച്ചിരിക്കുന്ന ക്യൂ ആർ കോഡുകളിലൂടെ അയയ്‌ക്കുന്ന പണം അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് പോയിരുന്നത്. ഇതിൽ സംശയം തോന്നിയ പോലീസ് രണ്ടുദിവസമായി നടത്തിയ അന്വേഷണത്തിനൊടുവിൽ വ്യക്തമായ സാങ്കേതിക തെളിവുകളുൾപ്പെടെ ശേഖരിച്ചശേഷമാണ് അനുരൂപിനെ അറസ്റ്റ് ചെയ്‌തത്.
നിഷാന്തിന്റെ ഫോൺ രേഖകളുൾപ്പെടെ പോലീസ് പരിശോധിച്ചു. ദിവസം 25,000 രൂപവരെ നിഷാന്തിൽനിന്നും അനുരൂപിന്റെ അക്കൗണ്ടിലേക്ക് എത്തുമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. മൂന്നുമാസം മുൻപാണ് സ്‌പാ തുടങ്ങിയതെന്ന അനുരൂപിന്റെ മൊഴി ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള ഇയാളെ പോലീസ് ചോദ്യം ചെയ്‌തുവരികയാണ്. വൈകിട്ടോടെ അനുരൂപിനെ കോടതിയിൽ ഹാജരാക്കും.






