04 November, 2026 01:26:00 PM
സർക്കാരിന് തിരിച്ചടി; മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ട നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ ഉടൻ പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നായിരുന്നു ഭരണസമിതി പിരിച്ചുവിട്ടത്. മുൻകൂർ കാരണം കാണിക്കൽ നോട്ടീസ് ഒഴിവാക്കാൻ മതിയായ സാഹചര്യമില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകൾ നശിപ്പിക്കാൻ ഭരണസമിതി ശ്രമിച്ചതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.
മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ട നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവും ഹൈക്കോടതി റദ്ദാക്കി. തുടർനടപടികൾ സ്വീകരിക്കണമെങ്കിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദേശം നൽകി. ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയിൽ നിയമാനുസൃതമായ നടപടിക്രമങ്ങൾ സർക്കാർ പാലിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.





