02 November, 2026 03:30:54 PM
സംസ്ഥാന സ്കൂൾ കായികമേളയിലെ പുഴുവിവാദം; അറസ്റ്റിലായ അധ്യാപകന് ജാമ്യം

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായിക മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ അറസ്റ്റിലായ കായികാധ്യാപകൻ ജിജോ ജെയിംസിന് ജാമ്യം. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ജിജോയ്ക്ക് ജാമ്യം അനുവദിച്ചത്.
കോഴിക്കോട് എൻ.ഐ.ടി മൈതാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാനും നടത്തിപ്പ് തടസ്സപ്പെടുത്താനും ലക്ഷ്യമിട്ട് ബോധപൂർവം വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന സംഘാടകരുടെ പരാതിയിലാണ് ചേവായൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭക്ഷണത്തിൽ പുഴുവുണ്ടെന്ന രീതിയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതാണ് വൻ വിവാദത്തിന് വഴിവെച്ചത്. വീഡിയോ പ്രചരിച്ചതോടെ ഭക്ഷണവിതരണ കേന്ദ്രത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിൽ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞു.





