29 October, 2026 04:00:03 PM
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസ് പ്രതി ജീവനൊടുക്കി. ഗര്‍ഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീനിവാസന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നേരത്തെ ചില അസുഖങ്ങള്‍ ബാധിച്ചതിനാലും ടിബി രോഗലക്ഷണങ്ങള്‍ സംശയിച്ചതിനെത്തുടര്‍ന്നും ജയിലിലെ പ്രത്യേക ഒബ്‌സര്‍വേഷന്‍ സെല്ലിലാണ് ശ്രീനിവാസനെ പാര്‍പ്പിച്ചിരുന്നത്. രോഗ പരിശോധനയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ശ്രീനിവാസന്‍ ജീവനൊടുക്കിയത്. സെല്ലില്‍ നിന്ന് ശബ്ദം കേട്ടതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ സ്ഥലത്തെത്തി പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേരത്തെ തിരുവനന്തപുരം ഓപ്പണ്‍ ജയിലില്‍ ആയിരുന്ന ശ്രീനിവാസന്‍ ജയില്‍ ചാടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.





