28 October, 2026 09:45:52 AM


അമ്മയെ അടിച്ചത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദനം; കൊല്ലത്ത് യുവമോർച്ച നേതാവ് അറസ്റ്റിൽ



കൊല്ലം: അമ്മയെ മർദിച്ച യുവാവിനെ ചോദ്യം ചെയ്തതിന് അയൽവാസിക്ക് യുവമോർച്ച നേതാവിന്റെ ക്രൂരമർദനം. കൊല്ലം ഓടനാവട്ടത്താണ് സംഭവം. മണികണ്ഠേശ്വരം പടിഞ്ഞാറെവിള വീട്ടിൽ രാഹുൽ ആണ് അയൽവാസി ബിനുവിനെ ക്രൂരമായി മർദിച്ചത്. തലയ്ക്ക് പരിക്കേറ്റ ബിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയാണ് രാഹുൽ.

രാഹുൽ അമ്മയുമായി വഴക്കിടുന്നത് പതിവാണ്. കഴിഞ്ഞ ദിവസം രാഹുലിന്റെ അമ്മയുടെ നിലവിളി കേട്ടാണ് ബിനു, രാഹുലിന്റെ വീട്ടിലെത്തുന്നത്. മർദനത്തിന്റെ ദൃശ്യങ്ങൾ ബിനു മൊബൈൽ ഫോണിൽ പകർത്തി. ഇതിൽ പ്രകോപിതനായ രാഹുൽ ബിനുവിനെ മർദിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ബിനുവിന്റെ മകൻ വിജിത്ത് രാഹുലിന്റെ വീട്ടിലെത്തിയെങ്കിലും രാഹുൽ അവിടെ ഉണ്ടായിരുന്നില്ല.

പിതാവിനെ മർദിച്ചതിൽ പ്രകോപിതനായ വിജിത്ത്, രാഹുലിന്റെ വീടും മുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനവും ആക്രമിച്ചു. വീട്ടിൽ തിരിച്ചെത്തിയ രാഹുൽ ഈ സംഭവമറിഞ്ഞതോടെ വിജിത്തിനെ മർദിച്ചു. വിജിത്തിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. വിജിത്തിന്റെ പരാതിയിൽ പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തു. സംഘർഷമുണ്ടാക്കിയതിന് വിജിത്തും അറസ്റ്റിലായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 946