29 October, 2026 09:31:41 AM


കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന ആരോപണം; അധ്യാപകൻ അറസ്റ്റിൽ



കുന്ദമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവുണ്ടെന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസിനെയാണ് (35) കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അധ്യാപകന്‍ ജിജോ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലേക്ക് മത്സരിച്ചിട്ടുണ്ട്. ഹാമര്‍ത്രോ ദേശീയ താരമായിരുന്നു.

കായികമേളയുടെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ഗൂഢാലോചന നടന്നുവെന്ന സംഘാടകരുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.  ബുധനാഴ്ച രാവിലെയാണ് കായികമേളയിൽ വിളമ്പിയ സാമ്പാറിൽ പുഴുവുണ്ടെന്ന ആരോപണം ഉയർന്നത്. സംഭവം വലിയ ചർച്ചയായതിനു പിന്നാലെ തനിക്ക് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി നൽകിയിരുന്നു. എന്നിട്ടും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കായികമേളയിലെ ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നുള്ളതാണെന്ന വ്യാജേന, ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് കാണിച്ച് പ്രതി സമൂഹമാധ്യമങ്ങളിലൂടെ ലൈവ് വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. 

മേളയുടെ സുഗമമായ നടത്തിപ്പിനെ തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂർവം വ്യാജ വാർത്ത നിർമിച്ച് പ്രചരിപ്പിച്ചു എന്നാണ് കുന്ദമംഗലം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലുള്ളത്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്താനും മേളയിലെ സമാധാനാന്തരീക്ഷം തകർക്കാനും ശ്രമിച്ചതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K