06 November, 2026 06:02:55 PM
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട: മൂന്നുപേർ പിടിയിൽ

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ആഭരണ രൂപത്തിൽ കടത്താൻ ശ്രമിച്ച 661 ഗ്രാം സ്വർണം (82.625 പവൻ) ആണ് പോലീസ് പിടിച്ചെടുത്തത്. സ്വർണം കടത്തിയ രണ്ട് പേരടക്കം മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ ഷാർജയിൽ നിന്നും എത്തിച്ചേർന്ന IX 440 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്. കോഴിക്കോട് നാദാപുരം സ്വദേശി ഖാലിദ് അണ്ടോടി താഴെക്കുനി, കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് സ്വർണവുമായി പോലീസിൻ്റെ വലയിലായത്. മൊത്തം 661 ഗ്രാം സ്വർണ്ണം ആഭരണ രൂപത്തിൽ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇവർ കടത്താൻ ശ്രമിച്ചത്.
മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്കോഡും കരിപ്പൂർ പോലീസും ചേർന്ന് ആണ് സ്വർണ കടത്തുകാരെ പിടികൂടിയത്. ഇവരിൽ നിന്നും സ്വർണം വാങ്ങാൻ വന്ന കൊടുവള്ളി സ്വദേശി ഹനീഫ് പാറമ്മൽ ഹൗസ് കിഴക്കോത്ത് എന്നയാളെയും പിടികൂടിയിട്ടുണ്ട്. ഇയാളുടെ കൈവശം സ്വർണം കൊണ്ട് വന്നവർക്ക് പ്രതിഫലം ആയി കൊടുക്കാൻ സൂക്ഷിച്ച 3,10,000 രൂപയും ഉണ്ടായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണവും കൊണ്ടുവന്നവരെയും ഏറ്റുവാങ്ങാൻ വന്ന ആളെയും ആളുടെ കൈവശം ഉണ്ടായിരുന്ന പണവും പോലീസ് നടപടികൾക്ക് ശേഷം കസ്റ്റംസ് പ്രിവന്റിവ് വിഭാഗത്തിന് തുടർനടപടികൾക്കായി വിട്ടു നൽകും.





