27 October, 2026 04:35:49 PM


ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ



തിരുവനന്തപുരം: ചേരാനെല്ലൂർ അപകടത്തിൽ വീഴ്ച വരുത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സി ഐ ശ്യാംകുമാർ കെ എസ് ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സംഭവസ്ഥലം സന്ദർശിച്ച് എഡിജിപി പി വിജയൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലാണ് നടപടി പ്രഖ്യാപിച്ചത്.

ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് സഭയിൽ തുറന്ന് സമ്മതിച്ചിരുന്നു. ഈ കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെന്നും സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും സംഭവം ഉണ്ടായ രാത്രി ടി.ജെ. വിനോദ് എംഎല്‍എയാണ് ഫോണില്‍ വിളിച്ച് തന്നോട് ഇക്കാര്യം പറയുന്നതെന്നും രമേശ് ചെന്നിത്തല ഇന്ന് നിയമസഭയില്‍ പറഞ്ഞിരുന്നു.

കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച നടപടിയെ ശക്തമായി അപലപിച്ച മന്ത്രി പ്രതിക്കെതിരെ കുറ്റകരമായ നരഹത്യയെന്ന വകുപ്പ് ചേര്‍ത്തിട്ടില്ലെന്ന് മനസിലായെന്നും സഭയിൽ അറിയിച്ചിരുന്നു. അതേസമയം പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് അംഗീകരിക്കുന്നതിന് ഒരു മടിയും ഇല്ലെന്നും എന്നാല്‍ 10 വര്‍ഷം ഭരിച്ചിട്ടും പിണറായി വിജയന്‍ ഒരിക്കല്‍ പോലും പൊലീസിന്റെ വീഴ്ച അംഗീകരിച്ചിട്ടില്ലെന്നും ചെന്നിത്തല സഭയിൽ പറഞ്ഞിരുന്നു.

പതിനേഴുകാരന്റെ പിതാവായ ജഡ്ജിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ആലുവ കമ്പനിപ്പടിയിലുള്ള ഫ്‌ളാറ്റില്‍ എത്തിയാണ് ചോദ്യം ചെയ്തത്. തന്റെ അറിവോടെയല്ല മകന്‍ വാഹനം ഓടിച്ചതെന്നാണ് ജഡ്ജിയുടെ മൊഴി. അപകടമുണ്ടാക്കിയ വാഹനത്തിന്റെ ആര്‍സി ഉടമയായ ജഡ്ജിയെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K