08 August, 2025 09:50:34 AM


ചങ്ങനാശ്ശേരിയില്‍ അമിത വേഗതയിലെത്തിയ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം



ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മനക്കച്ചിറ കോണ്ടൂർ റിസോർട്ടിന് സമീപം എസി റോഡിൽ കാർ മറ്റൊരു കാറിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം. വ്യാഴാഴ്‌ച രാത്രി 9.30 ഓടെയാണ് സംഭവം. പെരുന്ന ഭാഗത്തുനിന്നും ആലപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ ആലപ്പുഴ ഭാഗത്തുനിന്നും വന്ന കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ആലപ്പുഴയ്ക്ക് പോകുന്ന കാർ തലകീഴായി മറിഞ്ഞു. അപകടശേഷം നിർത്താതെ പോയ കാർ മറ്റൊരു ബൈക്കിലുമിടിച്ചു. അവിടെയും നിർത്താതെ മുന്നോട്ടു പോയെങ്കിലും 100 മീറ്ററകലെ കോണ്ടൂർ റിസോർട്ടിനുമുന്നിൽ തനിയെ നിന്നു.

അപകടത്തിനിടയാക്കിയ കാറിന്റെ മുൻവശം പൂർണമായി തകർന്നിട്ടുണ്ട്. ടയറുകളും ഇളകി. എറണാകുളം രജിസ്ട്രേഷനിലുള്ള കാറിലുണ്ടായിരുന്ന രണ്ടുപേർ സംഭവസ്ഥലത്തുനിന്നും അപകടശേഷം രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായ പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ നാട്ടുകാരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  പരിക്കേറ്റ സ്‌കൂട്ടർ യാത്രികൻ തന്റെ ഒപ്പം മറ്റൊരാളുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് പോലീസും അഗ്നിരക്ഷാസേനയുമെത്തി പ്രദേശത്ത് തിരച്ചിൽ നടത്തി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 939