31 October, 2025 07:49:49 PM
തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം: തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ 'പാഥേയം' സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്തിന്റെ വിവിധ വാർഷിക പദ്ധതികളിലായി 82.47 ലക്ഷം രൂപ വകയിരുത്തിയാണ് ദേവസ്വം ബോർഡ് ലഭ്യമാക്കിയ ഭൂമിയിൽ 4000 ചതുശ്രയടി വിസ്തൃതിയിൽ ഇരുനില കെട്ടിടം നിർമിച്ചത്.
താഴത്തെ നിലയിൽ നാല് കിടപ്പുമുറികൾ, ആറ് ശുചിമുറി, മുകൾ നിലയിൽ രണ്ട് ഡോർമെട്രി, ആറ് ശുചിമുറി എന്നിവയുണ്ട്. വിശാലമായ പാർക്കിങ്ങ് സൗകര്യവുമുണ്ട്.
സംസ്ഥാന സർക്കാരിൻ്റെ മുൻഗണനാ പദ്ധതിയായ ടേക്ക് എ ബ്രേക്കിന്റെ മാനദണ്ഡങ്ങൾ പാലിച്ചാവും വിശ്രമ കേന്ദ്രം പ്രവർത്തിക്കുക. ടൂറിസ , തീർത്ഥാടന ടൂറിസം സാധ്യതകൾ പരിഗണിച്ചാണ് തൃക്കൊടിത്താനത്ത് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.രാജു, വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി.രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ സുരേഷ് കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൽ.ആർ. ശരവണേശ്വർ, പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ അഞ്ജന പ്രസാദ്, പാണ്ഡവീയ മഹാവിഷ്ണു സത്രസമിതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിനോദ് ജി. നായർ, സെക്രട്ടറി പി.ആർ രാജേഷ്, തൃക്കൊടിത്താനം ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ കെ.അരുൺകുമാർ എന്നിവർ പങ്കെടുത്തു.






