18 October, 2025 10:38:01 AM


വൃദ്ധദമ്പതികളെ വെർച്ച്വൽ അറസ്റ്റിൽപ്പെടുത്തി 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമം പൊളിച്ച് പോലീസ്



ചങ്ങനാശ്ശേരി : വെർച്ച്വൽ അറസ്റ്റിലൂടെ ചങ്ങനാശ്ശേരി പെരുന്ന സ്വദേശികളായ വൃദ്ധദമ്പതികളുടെ 50 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമം കോട്ടയം സൈബർ പോലീസിന്റെയും ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറുടേയും സമയോചിതമായ ഇടപെടലിലുടെ തടഞ്ഞു.

ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളുടെ അക്കൗണ്ട് മുഖേന പരിധിയിൽ കവിഞ്ഞുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും രാജ്യവിരുദ്ധ ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടത്തിയെന്നും വെർച്ച്വൽ അറസ്റ്റിലാണെന്നും പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പ് വഴി വീഡിയോ കോളില്‍ വന്ന തട്ടിപ്പുകാര്‍ അറിയിക്കുകയും അറസ്റ്റ് ചെയ്ത് കൊണ്ടുപോകാതിരിക്കാൻ 50 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ചങ്ങനാശ്ശേരി ഫെഡറൽ ബാങ്ക് ശാഖയിലെത്തി ഫിക്സഡ് ഡെപോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിൻവലിച്ച് രാജ് എഡ്യൂക്കേഷണൽ ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ ഐസിഐസിഐ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് അയയ്കുവാൻ ബാങ്ക് മാനേജരെ സമീപിച്ചു. സംശയം തോന്നിയ ബാങ്ക് മാനേജർ ശ്രീവിദ്യ ഐസിഐസിഐ ബാങ്കുമായി ബന്ധപ്പെടുകയും അക്കൗണ്ട് ഫ്രോഡ് അക്കൗണ്ട് ആണെന്ന് മനസിലാക്കിയ ശേഷം ഇടപാട് നടത്താതെ തിരിച്ചയയ്ക്കുകയും ചെയ്തു.

എന്നാൽ ഇന്ന് വീണ്ടും ദമ്പതികൾ ബാങ്കിലെത്തി സ്വന്തം ബാങ്ക് അക്കൗണ്ടിലേയ്ക്ക് 50 ലക്ഷം രൂപ ട്രാൻസാക്ഷൻ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിർബന്ധിക്കുകയും ഈ വിവരം ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് & റീജിയണൽ മാനേജർ ജയചന്ദ്രൻ കെ.ടി. സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒയെ അറിയിച്ചതനുസരിച്ച് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ യുടെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ എത്തി വൃദ്ധദമ്പതികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു.

ഈ സമയമത്രയും ദമ്പതികള്‍ വെർച്ച്വൽ അറസ്റ്റില്‍ തുടരുന്ന നിലയിലായിരുന്നു. പോലീസ് ഇടപെട്ടുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K