29 January, 2026 09:52:36 PM
വീടുകൾ കുത്തിത്തുറന്ന് മോഷണം; ചങ്ങനാശ്ശേരിക്കാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് പിടിയിൽ

ചങ്ങനാശേരി: ചങ്ങനാശേരിയിലെ വിവിധ പ്രദേശങ്ങളിൽ പൂട്ടിക്കിടക്കുന്ന വീടുകൾ തോറും വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തുന്നയാൾ ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിൽ. ചങ്ങനാശ്ശേരി കടമാഞ്ചിറ ഭാഗത്തു പുത്തൻ പറമ്പിൽ വീട്ടിൽ അബ്ദുൽ ഖാദർ ഇസ്മായിൽ (60) ആണ് പിടിയിലായത്.
പകൽ സമയം ഫ്രൂട്സും പച്ചക്കറികളുമായി കച്ചവടം നടത്തുന്ന ഇയാൾ പൂട്ടിക്കിടക്കുന്ന വീടുകൾ നോക്കി വെച്ച് രാത്രി മോഷണം നടത്തുന്നതാണ് രീതി. ആനന്ദാശ്രമം സ്വദേശിയുടെ നാലു മാസത്തോളമായി പൂട്ടി കിടന്ന വീടിൻ്റെ മുൻ വശം കതക് കുത്തിത്തുറന്ന് അകത്ത് കടന്ന് വീടിനുള്ളിലെ മുറികളിലെ കതകുകൾ കുത്തിത്തുറന്ന് കിടപ്പ് മുറിയിലെ അലമാരിയിൽ സൂക്ഷിച്ചിരുന്നരണ്ട് ലക്ഷം രൂപ വില വരുന്ന ഒരു പവൻ തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ പേൾ മാലയും, മറ്റൊരു മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും, വാച്ചുകളും , ബാത്ത് റൂമിൻ്റെ ഫിറ്റിംഗ്സുകളും ഉൾപ്പെടെ 3,50,000/- (മൂന്നര ലക്ഷം) രൂപയുടെ മുതലുകൾ മോഷ്ടിക്കുകയായിരുന്നു.
പരാതി ലഭിച്ചതിനെ തുടർന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ കെ. പി, ചങ്ങനാശ്ശേരി എസ് എച്ച് ഒ അനുരാജ് എം. എച്, എസ് ഐ ആന്റണി മൈക്കിൾ, എസ്സിപിഒ തോമസ് സ്റ്റാൻലി, സി പി ഒ നിയാസ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.






