22 January, 2026 01:45:10 PM


അയല്‍വാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതി; നടൻ കൃഷ്ണപ്രസാദിനും സഹോദരനുമെതിരെ കേസ്



ചങ്ങാനാശ്ശേരി : നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്. അയൽവാസിയായ ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ ചങ്ങാനാശ്ശേരി പൊലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ ശ്രീകുമാറിനാണ് മർദനമേറ്റത്. മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിനു കാരണം എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ  ശ്രീകുമാര്‍ പുറത്തു വിട്ടിട്ടുണ്ട്. അതേ സമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം. 

ഇന്നലെ ഉച്ചയോടെ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുവെച്ചാണ് അക്രമമെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരനായ ഡോക്ടർ കോട്ടയം ന​ഗരത്തിലെ ആശുപത്രിയിൽ ജോലി ചെയ്യുന്നയാളാണ്. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലമാണ് ചങ്ങനാശ്ശേരിയിൽ കൃഷ്ണപ്രസാദിന്റെ വീടിന് അടുത്തുള്ള സ്ഥലം. ഈ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങളുമായി എത്തിയ സമയത്താണ് ഇത്തരത്തിൽ ആക്രമണമുണ്ടായതെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്. 

സിസിടിവി ദൃശ്യങ്ങളിൽ കൃഷ്ണപ്രസാദിനെയും സഹോദരൻ കൃഷ്ണകുമാറിനെയും കാണാൻ സാധിക്കുന്നുണ്ട്. നിർമാണ പ്രവർത്തന സ്ഥലത്തേക്ക് ഇവരെത്തുകയും ഇവിടെ നിൽക്കുന്നത് കണ്ട് ഇവർ ചോദ്യം ചെയ്യുകയും ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇതേ രീതിയിലുളള ആക്രമണത്തിലേക്ക് പോയത് എന്നാണ് പറയുന്നത്.

എന്നാൽ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്ത് മലിനജലം ഒഴുകുന്നു എന്ന പ്രശ്നമുണ്ടെന്നാണ് കൃഷ്ണപ്രസാദിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. ഓടകളടഞ്ഞു പോയിട്ടുണ്ട്. നാൽപതിലധികം വീടുകളുള്ള പ്രദേശത്താണ് മലിന ജലത്തിന്റെ പ്രശ്നമുള്ളത്. അത് ചോദ്യം ചെയ്യുന്ന സമയത്ത് ഡോക്ടര്‍ അടക്കമുളള ആളുകൾ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു എന്നും എന്തിനാണ് എന്ന് ചോദിച്ചെന്നും കൃഷ്ണപ്രസാദ് പറയുന്നു. മർദിച്ചിട്ടില്ലെന്നും കൃഷ്ണപ്രസാദ് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K