24 January, 2026 01:22:33 PM
ഡോക്ടറെ മർദിച്ച കേസിൽ ചങ്ങനാശേരി നഗരസഭാ ബി ജെ പി കൗൺസിലർ അറസ്റ്റിൽ

ചങ്ങനാശേരി: കോട്ടയത്തെ സ്വകാര്യ ആശുപ്രതിയിലെ അസ്ഥിരോഗ വിദഗ്ദൻ കോട്ടയം ശ്രീനിലയം വീട്ടില്‍ ഡോ.ബി. ശ്രീകുമാറിനെ മർദ്ദിച്ച കേസില്‍ ചലചിത്ര താരം കൃഷ്ണപ്രസാദിൻ്റെ ജേഷ്ഠ സഹോദരനും, ചങ്ങനാശ്ശേരി നഗരസഭാ കൗണ്‍സിലറുമായ എൻ പി കൃഷ്ണകുമാർ അറസ്റ്റില്‍.
കൃഷ്ണകുമാറിനും,നടൻ കൃഷ്ണ പ്രസാദിനും എതിരെ ഡോക്ടർ ചങ്ങനാശ്ശേരി പോലീസില്‍ നല്‍കിയ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്. പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ ഡോ.ശ്രീകുമാർ പുതിയ വീട് നിർമിക്കുന്നതിൻ്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം
കല്ലുകെട്ടുന്നത് നടൻ കൃഷ്‌ണപ്രസാദ് തടയുകയും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു എന്ന് പരാതിയില്‍ പറയുന്നു. ഡോക്ടർ സ്‌ഥലത്തെത്തിയപ്പോള്‍ വില്ലേജ് ഓഫിസറുമായി കൃഷ്ണകുമാറും, കൃഷ്ണപ്രസാദും എത്തി. അതു മൊബൈലില്‍ പകർത്തുന്നതിനിടെയാണ് മർദനമേറ്റതെന്നാണ് പരാതി. തലയ്ക്കും മൂക്കിനും പരിക്കേറ്റ ഡോക്ടർ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
കോട്ടയം ഭാരത് ആശുപത്രിയിലെ ഡോക്ടറും , കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡൻ്റും, പക്ഷി നിരീക്ഷകനും, പരിസ്ഥിതി പ്രവർത്തകനുമാണ് ഡോ. ബി ശ്രീകുമാർ. ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ വെള്ളിയാഴ്ച വൈകിട്ട് കോട്ടയത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. അതേസമയം വയല്‍നികത്തിയ സ്ഥലത്താണ് ഡോക്ടർ നിർമാണ പ്രവൃത്തി നടത്തുന്നതെന്നും ഇവിടെ റോഡിനോടു ചേർന്ന് വെള്ളമൊഴുകുന്ന ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്‌തതെന്നും കൃഷ്ണപ്രസാദ് ഇന്നലെ പറഞ്ഞിരുന്നു.
ഇതു തന്റെ മാത്രം ആവശ്യമല്ലെന്നും സ്‌ഥലത്തെ 40ഓളം കുടുംബങ്ങളുടെ പൊതു ആവശ്യമാണെന്നും അതിനാലാണ് ഇടപെട്ടതെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കൃഷ്ണപ്രസാദ് ചങ്ങനാശ്ശേരിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എന്നാണ് റിപ്പോർട്ട്. ചങ്ങനാശ്ശേരി നഗരസഭ 21-ാം വാർഡ് ബി ജെ പി കൗണ്‍സിലറാണ് കൃഷ്ണകുമാർ. ചങ്ങനാശ്ശേരി പെരുന്ന എൻ എസ് എസ് കരയോഗം പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം.






