30 December, 2025 07:36:49 PM
പെരുന്ന ജലസംഭരണിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍

കോട്ടയം: പെരുന്നയില്‍ ജലവിതരണവകുപ്പ് ഓഫീസിന്റെയും ജലസംഭരണിയുടെയും നിര്‍മാണം അവസാനഘട്ടത്തില്‍. 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ചങ്ങനാശ്ശേരി നഗരസഭയിലെ 16 വാര്‍ഡുകളിലും പായിപ്പാട് ഗ്രാമപഞ്ചായത്തിലെ മൂന്നു വാര്‍ഡുകളിലും വാഴപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടു വാര്‍ഡുകളിലും കുടിവെള്ളവിതരണം സുഗമമാകും. നിലവില്‍ കെട്ടിടത്തിന്റെ പെയിന്റിംഗ്, വൈദ്യുതീകരണം, പ്ലംബിംഗ് ഉള്‍പ്പെടെയുള്ള ജോലികളാണ് നടന്നുവരുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല.
വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയില്‍ നിര്‍മിക്കുന്ന ഓഫീസ് കെട്ടിടത്തിനു മുകളിലാണ് ടാങ്ക് പണിയുന്നത്. സെക്ഷന്‍ ഓഫീസ്, സബ് ഡിവിഷണല്‍ ഓഫീസ്, വിതരണശൃംഖല, പമ്പ് തുടങ്ങിയവയ്ക്കായി 2022-23 വര്‍ഷത്തെ സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് 10 കോടി രൂപ അനുവദിച്ചിരുന്നു.
പമ്പയാറ്റില്‍നിന്ന് വെള്ളമെടുക്കുന്ന കല്ലിശ്ശേരി പദ്ധതി, മണിമലയാറ്റില്‍നിന്ന് വെള്ളമെടുക്കുന്ന കുട്ടനാട് പദ്ധതി എന്നി വയിലൂടെയാണ് പ്രധാനമായും ചങ്ങനാശ്ശേരിയില്‍ വെള്ളം ലഭിക്കുന്നത്. കല്ലിശ്ശേരി പദ്ധതിയില്‍ നിന്നുള്ള വെള്ളം കല്ലിശ്ശേരിയില്‍ത്തന്നെ ശുദ്ധീകരിച്ചതിനുശേഷം പെരുന്നയിലെ ബൂസ്റ്റര്‍ പമ്പ്ഹൗസിലെത്തിച്ച് അവിടെനിന്ന് റെയില്‍വേ ട്രാക്കിനടിയില്‍ക്കൂടിയുള്ള പൈപ്പ് വഴി ചെറുകരക്കുന്നിലെ ഓവര്‍ഹെഡ് ടാങ്കിലേക്ക് എത്തിക്കുകയാണിപ്പോള്‍.
കുട്ടനാട് പദ്ധതിയുടെ വെള്ളം തിരുവല്ലയില്‍ ശുദ്ധീകരിച്ച ശേഷം ചെറുകരകുന്നിലേക്ക് എത്തിക്കുന്നു. റെയില്‍വേ ട്രാക്കിനടിയിലുള്ള പൈപ്പുകള്‍ പൊട്ടുന്‌പോള്‍ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്നില്ല. പെരുന്നയിലെ ടാങ്ക് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.







