11 October, 2025 08:56:07 PM
തൃക്കൊടിത്താനം ജി. എച്ച്.എസ്. എസിലെ 2.12 കോടി രൂപയുടെ പദ്ധതികൾ സമർപ്പിച്ചു

കോട്ടയം: തൃക്കൊടിത്താനം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2.12 കോടി ചെലവിട്ടു പൂർത്തിയാക്കിയ വിവിധ പദ്ധതികൾ പൊതുവിദ്യാഭ്യാസ -തൊഴില്‍ വകുപ്പുമന്ത്രി വി. ശിവൻകുട്ടി നാടിനു സമർപ്പിച്ചു. ലിംഗനീതി, സാമൂഹിക നീതി, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയവയുടെ പ്രാധാന്യം വിദ്യാര്‍ഥികള്‍ക്ക് മനസിലാകുന്ന രീതിയിലാണ് പുതിയ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം രാജ്യത്ത് മുൻനിരയിലാണ്. പഠന നിലവാരത്തിലും ദേശീയ തലത്തിൽ മുന്നിലെത്താന്‍ നമുക്ക് കഴിഞ്ഞു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ 1.40 കോടി രൂപ വകയിരുത്തി ജില്ലയിലെ 22 സ്‌കൂളുകളിൽ സജ്ജമാക്കിയ ആധുനിക സയൻസ് ലാബുകളുടെ ജില്ലാതല ഉദ്ഘാടനവും വിവിധ വാർഷിക പദ്ധതികളിലായി ഒരുകോടി രൂപ വകയിരുത്തി നടപ്പാക്കിയ പദ്ധതികളുടെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളുടെയും സാമ്പത്തിക പിന്തുണയോടെ 1.12 കോടി രൂപ ചെലവിട്ടു ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ
സ്‌കൂളിൽ 'ചിരസ്മരണ' എന്ന പേരിൽ നിർമിച്ച മൾട്ടി പർപ്പസ് ഹാളിന്‍റെ ഉദ്ഘാടനവും അഡ്വ. ജോബ് മൈക്കിൾ എം.എൽ എ . നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേംസാഗർ മുഖ്യ പ്രഭാഷണം നടത്തി. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ രാജു, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോളി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുനിതാ സുരേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എസ് സാനില, ഗ്രാമപഞ്ചായത്തംഗം കെ എൻ സുവർണ്ണ കുമാരി, പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ആർ സുനിമോൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ എ സുനിത, സ്കൂൾ പിടിഎ പ്രസിഡൻ്റ് ബിനോയി ജോസഫ്, സ്കൂൾ പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് വി കെ സുനിൽ കുമാർ, പ്രധാനാധ്യാപിക സ്കൂൾ ആർ എസ് രാജി, സി ഡി എസ് ചെയർപേഴ്സൺ ദിവ്യ ബൈജു , രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എം കെ ഉണ്ണികൃഷ്ണൻ, പി കെ തമ്പി, ഷാജി കോലേട്ട്, തോമസ് സേവ്യർ, സണ്ണിച്ചൻ പുലിക്കോട്ട്, സിബിച്ചൻ മുക്കാടൻ, കെ കെ സുനിൽ, അനന്ദ്യ കൃഷ്ണ എന്നിവർ സംസാരിച്ചു.