30 June, 2025 08:19:11 PM
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി തൃക്കൊടിത്താനം ഗവ. എച്ച്.എസ്.എസ്

തൃക്കൊടിത്താനം: സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനായി തൃക്കൊടിത്താനം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്രിയേറ്റീവ് കോർണർ ആരംഭിച്ചു.  പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. പാഠപുസ്തകത്തിനപ്പുറം വിവിധ തൊഴിൽ ബന്ധിത പ്രവർത്തനങ്ങളെ കോർത്തിണക്കി രസകരമായും ക്രിയാത്മകമായും പഠനത്തെ മാറ്റുകയെന്നതാണ്  ക്രിയേറ്റീവ് കോർണറിന്റെ ലക്ഷ്യമെന്ന് പദ്ധതിയുടെ നോഡൽ ഓഫീസറായ കെ. സുധർമ്മ പറഞ്ഞു.
സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുമായി സഹകരിച്ച് അഞ്ചുലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഈ അക്കാദമിക വർഷത്തിലെ അപ്പർ പ്രൈമറി വിഭാഗത്തിലെ കുട്ടികൾക്കായാണ് ക്രിയേറ്റീവ് കോർണർ സജ്ജമാക്കിയിരിക്കുന്നത്. പാചകം, ഫാഷൻ ഡിസൈൻ, ഇലക്ട്രിക്കൽ ജോലി, കൃഷി, ഫർണിച്ചർ നിർമാണം, പ്ലമ്പിങ്, എൽ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയവയ്ക്കാണ് ക്രീയേറ്റീവ് കോർണിൽ പ്രാധാന്യം നൽകുന്നത്.
 മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, തൃക്കൊടിത്താനം  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ്, വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി. രഞ്ജിത്, ഗ്രാമപഞ്ചായത്തംഗം ദീപ ഉണ്ണികൃഷ്ണൻ, തൃക്കൊടിത്താനം ജി.എച്ച്.എസ്.എസ.് ഹെഡ്മിസ്ട്രസ് ആർ.എസ്. രാജി, എൽ.പി.എസ്. ഹെഡ്മിസ്ട്രസ് എ.എം. അജിതമ്മ, ക്രിയേറ്റീവ് കോർണർ നോഡൽ ഓഫീസർ കെ.സുധർമ്മ, ഹൃദയപൂർവ്വം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി. കെ. സുനിൽകുമാർ, ഡി.പി.സി പ്രതിനിധി ബിനു എബ്രഹാം, ബി.ആർ.സി പ്രതിനിധി പ്രീത ടി.കുറുപ്പ് എന്നിവർ പ്രസംഗിച്ചു.
 
                                

 
                                        



