09 June, 2025 09:04:29 PM
കർക്കിടക ilakal
താളും തകരേം മൂമാസം,
ചക്കേംമാങ്ങേം മൂമാസം
ചേനേം കൂർക്കേം മൂമാസം
അങ്ങനേം ഇങ്ങനേം മൂമാസം
വർഷത്തിൽ അവസാന മൂന്ന് മാസങ്ങൾ ആണ് ഇലക്കറികൾക്ക് ഏറ്റവും പ്രാധാന്യം നൽകുന്നത്. അതിൽ തന്നെ കർക്കിടക മാസത്തിന് ഏറെ പ്രാധാന്യമുണ്ട്.
കർക്കിടകത്തെ പഞ്ഞമാസം എന്നാണ് പഴമക്കാർ പറയുന്നത്. വർഷകാലം കൊടുമ്പിരി കൊണ്ട് നിൽക്കുമ്പോൾ എല്ലാത്തിനും പഞ്ഞമായിരുന്നു. അതുകൊണ്ട് തന്നെ നമ്മുടെ തൊടിയിലുള്ള പാഴ്ചെടികൾ എന്ന് പറയുന്നവർ തീൻ മേശയിലേക്ക് ഇടം പിടിക്കുന്ന കാലം കൂടിയാണ് കർക്കിടകം. അതിൽ ഏറ്റവും പ്രധാനപെട്ടത് പത്തില തന്നെ.
ആരോഗ്യം തുടങ്ങേണ്ടത് നമ്മുടെ അടുക്കളയിൽ നിന്ന് തന്നെയാണ്.. അങ്ങനെയെങ്കിൽ അസുഖങ്ങൾ പടി കടന്നു വരില്ല. കേരളത്തിൽ ഓരോ ദേശാനുസരണം പത്തിലകൾക്ക് മാറ്റമുണ്ട്.
പത്തിലകളുടെ മാഹാത്മ്യം അറിയാം.
1. താള്
2. തകര
3. തഴുതാമ
4. മണിതക്കാളി
5. ചേന
6. ചീര
7. കുമ്പളം
8. മത്തൻ
9. പയർ
10. കൊടിത്തൂവ
കൂടാതെ നെയുർണി, കോവൽ, മുള്ളൻചീര, കൂവളം മുതലായവയേയും ലഭ്യതയ്ക്ക് അനുസരിച്ചു പത്തിലകളിൽ ചേർക്കാറുണ്ട്.. ഈ പത്തിലകൾ ഒരുമിച്ച് പത്തില തോരനായോ ഓരോന്നായോ തോരനുണ്ടാക്കി കഴിക്കാവുന്നതാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ ഏറ്റവും പ്രയോജനപ്രദമായതാണ് ഇവ.
* ഔഷധ ഗുണം ഏറെയുള്ള താള് ദഹനം വർധിപ്പിക്കാൻ ഉത്തമമാണ്.
* മലബന്ധനത്തിനും നേത്ര രോഗത്തിനും ത്വക്ക് രോഗത്തിനും പ്രതിവിധിയായി തകര ഉപയോഗിക്കുന്നുണ്ട്.
* മൂത്ര വർധനവിനുള്ള ഒരു ഉത്തമ ഔഷധമാണ് തഴുതാമ. പിത്തം ഹൃദ്രോഗം ചുമ എന്നിവയ്ക്കും നിർദ്ദേശിക്കാറുണ്ട്..
* വാതപിത്തകഫ രോഗങ്ങളെ ചെറുക്കുന്ന ഒന്നാണ് മണിതക്കാളി. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഉത്തമം.
* എല്ലുകളുടെ ആരോഗ്യത്തിന് ചേനയുടെ ഇലകൾ ഉത്തമമാണ്. സന്ധി വേദനകൾക്കും എല്ലു തെയ്മാനത്തിനുമെല്ലാം ഇവ നന്ന്.
* ഇലക്കറികളിൽ ഏറ്റവും ഗുണമുള്ളത് ചീരക്കാണ്. അയണിന്റെ നല്ലൊരു ഉറവിടമാണ് ചീര. പ്രത്യേകിച്ചും ചുവന്ന ചീര.
* തടി കുറയ്ക്കാനും രക്ത ശുദ്ധിക്കും രക്തസ്രാവത്തിനും ഉത്തമമാണ് കുമ്പളത്തിലെ മൂപ്പൊത്ത ഇലകൾ
* ബിപി കുറയ്ക്കുന്നത് വഴി ഹൃദയാരോഗ്യത്തെ ശക്തിപെടുത്താൻ മത്തന്റെ ഇലകൾ സഹായിക്കുന്നു.
* ശരീരത്തിലെ ടോക്സിനുകളെ നീക്കം ചെയ്ത് ശരീരശുദ്ധിക്കും ഉത്തമമാണ്. പയറില കരൾ വീക്കം ദഹനക്കുറവ്, നേത്രരോഗങ്ങൾ എന്നിവയ്ക്കും നന്ന്. ശരീരത്തിന്റെ താപനില നിയന്ത്രിക്കാനും സഹായിക്കുന്നു.
* ചൊറിയണം എന്നറിയപ്പെടുന്ന കൊടിത്തൂവ രക്തശുദ്ധിക്കും ശരീരത്തിലെ നീർക്കെട്ടിനുമെല്ലാം നന്ന്. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്കും അത്യുത്തമം.
തയ്യാറാക്കുന്ന വിധം
* ഇലകളെല്ലാം കഴുകി വൃത്തിയാക്കിയ ശേഷം ചെറുതായി അരിയുക
* കുറച്ചു തേങ്ങയും കാന്താരി മുളകും വെളുത്തുള്ളിയും ജീരകവും കൂടി ചതച്ചെടുക്കുക.
* വെളിച്ചെണ്ണയിൽ കടുകും മുളകും കറിവേപ്പിലയും കുറച്ചു ഉഴുന്നു പരിപ്പും ഇട്ടു മൂപ്പിച്ച ശേഷം അതിലേക്ക് ഇലകൾ അരിഞ്ഞതും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ചെറു തീയിൽ കുറച്ചു നേരം അടച്ചു വയ്ക്കുക. വെള്ളം ഒഴിയ്ക്കേണ്ട ആവശ്യമില്ല.
* ഇനി തുറന്നു നോക്കിയാൽ വെള്ളമൊക്കെ വറ്റി പകുതിയായി ചുരുങ്ങിയിരിക്കുന്നത് കാണാം. ഉപ്പ് ഈ സമയം വേണം ചേർക്കുവാൻ ആദ്യത്തെ അളവിനനുസരിച്ചു ഉപ്പ് ചേർത്താൽ അധികമാകും.
* ചതച്ചു വച്ചിരിക്കുന്ന തേങ്ങാ മിശ്രിതം ചേർത്ത് നന്നായിളക്കി അഞ്ചു മിനിറ്റിനു ശേഷം വാങ്ങി വയ്ക്കുക. പത്തില തോരൻ തയ്യാറായിരിക്കുന്ന അമിത രക്തസമ്മർദമുള്ളവർ ഉപ്പിനു പകരം ഇന്ദുപ്പ് ഉപയോഗിക്കാം. കർക്കിടകമാസത്തിൽ ഔഷധ കണിയോടൊപ്പം ഇത് ഉപയോഗിക്കാം.




