12 October, 2026 09:36:07 AM
നിയമന വിവാദം; കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന് രാജിവച്ചു. നിയമനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് രാജി. വെള്ളിയാഴ്ചയാണ് ഷാനി ഷഫീർ തന്റെ രാജി സമർപ്പിച്ചത്. ഗവേഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഷാനിയുടെ നിയമനത്തിനെതിരെ സീമാറ്റിന് മുന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
യു.ഡി.എഫ് അധികാരത്തിൽ വന്നതിന് പിന്നാലെ, എൻ.ജി.ഒ അസോസിയേഷന്റെ സമ്മേളനത്തിൽ വെച്ച് പൊലീസിൽ സ്ഥലം മാറ്റം ചോദിച്ച അളിയനോട് "പോയി പണി നോക്കാൻ" പറഞ്ഞെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ നടത്തിയ പ്രസംഗം ഏറെ ചർച്ചയായിരുന്നു. സ്വന്തം അളിയനോട് ഇത്തരത്തിൽ പെരുമാറിയത് അഭിമാനത്തോടെ അവതരിപ്പിച്ച ഷഫീർ സദസ്സിൽ വലിയ ആവേശം സൃഷ്ടിക്കുകയും ചെയ്തു.
എന്നാൽ, ഇതിന് പിന്നാലെ ഭാര്യയ്ക്ക് താത്കാലികമായെങ്കിലും ജോലി തരപ്പെടുത്തിയത് യു.ഡി.എഫിനും കോൺഗ്രസിനും വലിയ പ്രതിരോധം തീർത്തു. ഒഴിവ് വന്നപ്പോൾ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു വിവാദങ്ങളോട് ബി.ആർ.എം. ഷഫീറിന്റെ പ്രതികരണം.
ബയോഡേറ്റ ലഭിച്ചപ്പോൾ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റ് അധികൃതരുടെ വിശദീകരണം. സീമാറ്റിൽ മുൻ സർക്കാർ നിയമിച്ച സി.പി.എം നേതാക്കളുടെ ബന്ധുക്കളെ ഉൾപ്പെടെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പും വ്യക്തമാക്കുന്നു. അധ്യാപക പരിശീലനത്തിനായുള്ള ഈ സ്ഥാപനത്തിൽ പുതിയ സർക്കാർ കൂടുതൽ ആളുകളെ നിയമിച്ചതാണ് വിവാദങ്ങൾക്ക് കാരണം.






