10 October, 2026 03:02:50 PM


കോയമ്പത്തൂരിൽ ഗർഭിണിയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം



കോയമ്പത്തൂർ: കോയമ്പത്തൂരിലെ സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാപ്പിഴവിനെ തുടർന്ന് ഗർഭിണിയും കുഞ്ഞും മരിച്ചതായി കുടുംബത്തിന്റെ പരാതി. മധുര സ്വദേശിയും ഐ.ടി പ്രൊഫഷണലുമായ പി. മണികണ്ഠന്റെ ഭാര്യ ശാന്തി (27) ആണ് മരിച്ചത്.

സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോയമ്പത്തൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി. രണ്ടാമത്തെ പ്രസവത്തിനായി കോയമ്പത്തൂർ സെൽവപുരത്തുള്ള അമ്മയുടെ വീട്ടിൽ എത്തിയിരുന്നതായിരുന്നു ശാന്തി. വ്യാഴാഴ്ച രാവിലെ 11 മണിയോടെ അമ്മ സുന്ദരവല്ലിക്കൊപ്പമാണ് ശാന്തി തെലുഗുപാളയം പ്രൈമറി ഹെൽത്ത് സെന്ററിൽ എത്തിയത്.

ഡോക്ടർ പരിശോധിച്ച ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും, ഇതിനുപിന്നാലെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോവുകയും തുടർന്ന് ഒരു നഴ്സ് മാത്രമാണ് ചികിത്സ നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു. വ്യാഴാഴ്ച അർദ്ധരാത്രിയോടെ ശാന്തിക്ക് കടുത്ത രക്തസ്രാവമുണ്ടാവുകയും നില വഷളാകുകയും ചെയ്തു. പുലർച്ചെ 2:30 ആയിട്ടും ആശുപത്രിയിൽ ഡോക്ടർ ഇല്ലാതിരുന്നതിനെ തുടർന്ന് 108 ആംബുലൻസിലാണ് ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് (CMCH) മാറ്റിയത്.

എന്നാൽ പുലർച്ചെ 4 മണിയോടെ അവർ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ശാന്തി മരിച്ചതെന്ന് സി.എം.സി.എച്ച് ഡോക്ടർമാർ പറഞ്ഞതായി ബന്ധുക്കൾ വ്യക്തമാക്കി. ഗർഭിണി അതീവ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും ഡോക്ടർ തിരികെ എത്തിയില്ലെന്നും ഒരു നഴ്സും ശുചീകരണ തൊഴിലാളിയുമാണ് അവിടെയുണ്ടായിരുന്നതെന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. 

ആശുപത്രി അധികൃതരുടെ ഗുരുതരമായ അശ്രദ്ധയാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവനെടുത്തതെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. കൂടാതെ, മരിച്ച ശാന്തിയുടെ അഞ്ച് വയസ്സുള്ള മകളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ സഹായം നൽകണമെന്നും കുടുംബം അഭ്യർത്ഥിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918