14 October, 2026 06:02:01 PM


രാഷ്ട്രീയ ഏകതാ ദിവസ് 2026; ദേശീയ ബൈക്ക് റാലിക്ക് ചങ്ങനാശ്ശേരിയിൽ സ്വീകരണം



ചങ്ങനാശ്ശേരി: രാഷ്ട്രീയ ഏകതാ ദിവസ് 2026-ന്റെ ഭാഗമായി കേരളത്തിൽനിന്ന് ഗുജറാത്തിലെ ഏകതാ നഗറിലുള്ള സ്റ്റാച്യു ഓഫ് യൂണിറ്റിയിലേക്ക് സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് റാലിക്ക് ഒക്ടോബർ 14 ബുധനാഴ്ച രാവിലെ 9 മണിക്ക് ചങ്ങനാശ്ശേരി പെരുന്ന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകും. കേരള പോലീസ്, കെ.എ.പി അഞ്ചാം ബറ്റാലിയൻ, കോട്ടയം ജില്ലാ പോലീസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സ്വീകരണ സമ്മേളനം സംഘടിപ്പിക്കുന്നത്.

'ലഹരിമുക്ത ഭാരതം' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ദേശീയ ബൈക്ക് റാലിയുടെ കേരളത്തിലെ ഉദ്ഘാടനച്ചടങ്ങ് ഒക്ടോബർ 13-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ ബഹു. ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല നിർവ്വഹിച്ചു.തുടർന്ന് ഗുജറാത്തിലെ ഏകതാ നഗറിലേക്ക് പുറപ്പെടുന്ന റാലിക്കാണ് ചങ്ങനാശ്ശേരിയിൽ സ്വീകരണം നൽകുന്നത്.

ചങ്ങനാശ്ശേരിയിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ നഗരസഭാ  വൈസ് ചെയർപേഴ്‌സൺ ശ്രീമതി കെ.എം. നജിയ ഉദ്ഘാടനം നിർവ്വഹിച്ചു കെ.എ.പി അഞ്ചാം ബറ്റാലിയൻ കമാൻഡന്റ് ശ്രീ. എ.യു. സുനിൽകുമാർ ഐ.പി.എസ്., ഡെപ്യൂട്ടി കമാൻഡന്റ് ശ്രീ. അജി ചാൾസ്, ചങ്ങനാശ്ശേരി ഡിവൈ.എസ്.പി ശ്രീ. ആഷാദ് എസ്., അസിസ്റ്റന്റ് കമാൻഡന്റ് ശ്രീ. ജിജിമോൻ പി.എം. എന്നിവർ പങ്കെടുത്തു.

പരിപാടിയുടെ ഭാഗമായി തടിക്കൽ കളരിസംഘത്തിന്റെ കളരിപ്പയറ്റ് പ്രദർശനവും ദ്രോണാസ് ഫിറ്റ് ആൻഡ് ഫൈറ്റ് ക്ലബ്ബിന്റെ മാർഷ്യൽ ആർട്‌സ്, ഫിറ്റ്‌നസ് പ്രദർശനവും ഉണ്ടായിരിക്കും. വിവിധ സ്കൂളുകളിൽ നിന്നുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരിപാടിയിൽ പങ്കെടുക്കും.
ദേശീയ ഐക്യത്തിന്റെയും അഖണ്ഡതയുടെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ലഹരിവിരുദ്ധ ബോധവത്കരണത്തിന് ഊന്നൽ നൽകുന്നതുമാണ് പരിപാടിയുടെ ലക്ഷ്യം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916