12 October, 2026 04:41:49 PM


രാജസ്ഥാനില്‍ ബിജെപി മുന്‍ എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി



ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ മുന്‍ ബിജെപി എംഎല്‍എയെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശിയായ അതര്‍ സിങ് ഭദാനയാണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു പാറ പൊടിക്കൽ കേന്ദ്രം വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിങിനെയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വ്യക്തിയെയും വടിയും കല്ലും ഉപയോഗിച്ചാണ് രോഷാകുലരായ ജനക്കൂട്ടം നേരിട്ടത്. ഞായറാഴ്ച രാത്രിയോടെ ഭാരത്പൂരിലെ ഭോണ്ടാ ഗ്രാമത്തിലാണ് സംഭവം നടന്നത്.

കുറച്ച് കാലമായി ഈ കേന്ദ്രവുമായി ബന്ധപ്പെട്ട് സിങും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. സിങും ഇയാളുടെ അടുത്ത സുഹൃത്തായ ഗഗന്‍ ശര്‍മയുമാണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സിങ്ങിന്റെ നില ഗുരുതരമായതിനാല്‍ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ നിന്ന് ഭാരത്പൂരിലെ മറ്റൊരു ആശുപത്രിയിലേക്കും സിങിനെ മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.

പ്രദേശത്തെ പുല്‍മേട് കയ്യേറി അവിടെ ഖനനം നടത്തുകയായിരുന്നു സിങ് എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഒരു വര്‍ഷമായി ഈ കേന്ദ്രം അടഞ്ഞു കിടക്കുകയായിരുന്നു. ഇത് പുനഃരാരംഭിക്കാനുള്ള ശ്രമങ്ങളാണ് സംഘര്‍ഷാവസ്ഥ ഉണ്ടാക്കിയത്.

കഴിഞ്ഞ 10-15 ദിവസമായി തങ്ങള്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നെന്നും എന്നാല്‍ ഞായറാഴ്ച വൈകുന്നേരത്തോടെ 40ഓളം ആളുകളുമായി എത്തി തങ്ങളെ തുരത്താന്‍ സിങ് ശ്രമിച്ചെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്തെ ക്രമസമാധാനം നിലനിര്‍ത്താൻ വന്‍ പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയാണ്. അതേസമയം പോസ്റ്റ്‌മോര്‍ട്ടത്തിനായി മുന്‍ എംഎല്‍എയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959