13 October, 2026 01:48:53 PM
നെടുമ്പാശേരി വാഹനാപകടം; എഫ്‌ഐറില്‍ പ്രതി സുഹൈലിൻ്റെ പേരില്ല, മദ്യപിച്ചെന്ന വിവരവുമില്ല

കൊച്ചി: നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ദുരൂഹത. ആരാണ് വാഹനം ഇടിപ്പിച്ചതെന്ന് വ്യക്തമാക്കുന്ന പേര് എഫ്‌ഐറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എഫ്‌ഐആറില്‍ എവിടെയും മദ്യം എന്നൊരു വാക്ക് പോലും ഇല്ല. പ്രതി സുഹൈലിന്റെ പേര് എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ലെന്ന് മാത്രമല്ല ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് സൂചിപ്പിക്കുന്ന അൺനോൺ എന്ന വാക്കാണ് പ്രതിയുടെ കോളത്തില്‍ ചേര്‍ത്തിരിക്കുന്നത്.
കാറിന്റെ നമ്പര്‍ മാത്രമാണ് എഫ്‌ഐആറില്‍ ഉള്ളത്. ഞായറാഴ്ച പുലർച്ചെ 1.45-ന് നടന്ന അപകടത്തിന് ശേഷം രാവിലെ 6.59-നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെങ്കിലും പ്രതിയുടെ പേര് വരാത്തത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. 'പ്രതിയുടെ പ്രവർത്തി മൂലം' എന്ന് തുടങ്ങുന്ന എഫ്‌ഐആറില്‍ പ്രതി മദ്യപിച്ച് വാഹനം ഓടിച്ചതാണ് പ്രവർത്തി എന്ന് രേഖപ്പെടുത്തിയിട്ടില്ല. മദ്യപാനം സംശയിക്കുന്നതായി പോലും ഒരു വാക്കും എഫ്‌ഐആറില്‍ ഇല്ല. പ്രതി മൂന്ന് ബാറുകളില്‍ കയറി കുടിച്ചിരുന്നു എന്നായിരുന്നു കണ്ടെത്തല്‍. ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയതിന് ശേഷം അഡള്‍ട്ട് ജയിലിലേക്ക് അയക്കാതെ ബോർസ്റ്റൽ ഹോമിലേക്ക് അയച്ചതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. 21 വയസുവരെ ഇത്തരം കുറ്റങ്ങള്‍ ചെയ്യുന്ന പ്രതികള ബോര്‍സ്റ്റല്‍ ഹോമില്‍ അയക്കാമെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.





