13 October, 2026 05:51:06 PM


ഹരിതകർമസേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പരാതി; മാലിന്യം റോഡിൽ ചിതറുന്നു, പിരിവിലും ആക്ഷേപം

മാലിന്യശേഖരണത്തിൽ ഏകോപനമില്ല; റസിഡന്റ്സ് അസോസിയേഷനുകളെ കൂടി വിവരമറിയിക്കണമെന്ന് ആവശ്യം



ഏറ്റുമാനൂർ: വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഹരിതകർമസേനയുടെ പ്രവർത്തനത്തിലെ പോരായ്മകൾക്കെതിരെ പരാതി ഉയരുന്നു. മാലിന്യശേഖരണത്തിലെ അനിശ്ചിതത്വം, വഴിയരികിലും പൊതുസ്ഥലങ്ങളിലും മാലിന്യം കെട്ടിക്കിടക്കുന്നത്, ശേഖരണവിവരങ്ങൾ പൊതുജനങ്ങളിലേക്ക് കൃത്യമായി എത്താത്തത്, മാലിന്യം ശേഖരിക്കാതിരുന്നാലും ഫീസ് നിർബന്ധിച്ച് ഈടാക്കുന്നതായുള്ള ആക്ഷേപം എന്നിവയാണ് പ്രധാനമായും ഉയരുന്നത്.

മാലിന്യം ശേഖരിക്കാൻ ഹരിതകർമസേന എത്തുന്ന വിവരം വാർഡ് കൗൺസിലർമാർ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പങ്കുവെക്കാറുണ്ടെങ്കിലും പ്രദേശത്തെ നല്ലൊരു ശതമാനം ആളുകളും ഇത്തരം ഗ്രൂപ്പുകളിൽ അംഗങ്ങളല്ല. അതിനാൽ മാലിന്യശേഖരണവുമായി ബന്ധപ്പെട്ട അറിയിപ്പുകൾ പല വീടുകളിലും സ്ഥാപനങ്ങളിലും സമയബന്ധിതമായി എത്തുന്നില്ല. ഈ സാഹചര്യം പരിഹരിക്കുന്നതിന് വാർഡ് കൗൺസിലർമാരോ നഗരസഭ അധികൃതരോ റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക കൂട്ടായ്മകളെ മുൻകൂട്ടി വിവരമറിയിക്കണമെന്നാണ് ആവശ്യം. അസോസിയേഷനുകൾ വഴി അറിയിപ്പുകൾ അംഗങ്ങളിലേക്കും മറ്റ് താമസക്കാരിലേക്കും എത്തിക്കുന്നതിലൂടെ ശേഖരണം കൂടുതൽ ക്രമബദ്ധമാക്കാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഹരിതകർമസേന ശേഖരിച്ച് വഴിയരികിലും പൊതുസ്ഥലങ്ങളിലും സൂക്ഷിക്കുന്ന മാലിന്യം ആഴ്ചകളോളം കെട്ടിക്കിടക്കുന്നതും തെരുവുനായ്ക്കൾ വലിച്ചിഴച്ച് റോഡിലാകെ ചിതറിക്കുന്നതും ഗുരുതരമായ പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതുമൂലം റോഡുകൾ വൃത്തിഹീനമാകുന്നതിനൊപ്പം കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ട് നേരിടുന്നു. മാലിന്യം ചിതറിക്കിടക്കുന്നത് ദുർഗന്ധത്തിനും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകൾക്കും ഇടയാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

മാലിന്യം യഥാസമയം നീക്കം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും നഗരസഭ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മാലിന്യം വലിച്ചിഴച്ച് റോഡിൽ ചിതറുന്ന സാഹചര്യം ഒഴിവാക്കാൻ ശേഖരണകേന്ദ്രങ്ങളുടെ പരിപാലനവും ഉറപ്പാക്കേണ്ടതുണ്ട്.

ഓരോ മാസവും ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിഭാഗങ്ങളും ശേഖരണദിവസങ്ങളും ഉൾപ്പെടുത്തി കലണ്ടർ തയ്യാറാക്കി വിതരണം ചെയ്തിട്ടുണ്ടെങ്കിലും അതനുസരിച്ചല്ല മാലിന്യശേഖരണം നടക്കുന്നതെന്നാണ് മറ്റൊരു പരാതി. കലണ്ടർ പ്രകാരമുള്ള ശേഖരണം ഉറപ്പാക്കാത്തത് വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. തെർമോക്കോൾ തുടങ്ങിയവ കലണ്ടറിൽ ഉണ്ടെങ്കിലും ഇവ എടുക്കാൻ ഇവർ തയ്യാറാകുന്നില്ല. ശേഖരണക്രമത്തിൽ മാറ്റമുണ്ടെങ്കിൽ അത് മുൻകൂട്ടി അറിയിക്കാനും കൃത്യമായ സമയക്രമം പാലിക്കാനും അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം.

മാലിന്യം ശേഖരിക്കാനെത്താത്ത സാഹചര്യത്തിലും വീടുകളിൽനിന്നും ഓഫീസുകളിൽനിന്നും ഫീസ് നിർബന്ധിച്ച് ഈടാക്കുന്നതായും പരാതിയുണ്ട്. മാലിന്യം കൈമാറിയാലും ഇല്ലെങ്കിലും പണം നൽകേണ്ടിവരുന്ന സാഹചര്യം ഉപയോക്താക്കൾക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കുന്നു. നഗരസഭയിൽ നിന്നുളള സേവനങ്ങൾക്ക് ഹരിതകർമസേനക്ക് നൽകുന്ന യൂസർ ഫീസ് ഹാജരാക്കമെന്ന നിർദേശമുണ്ട്. ഇത് മറയാക്കിയാണ് നിർബന്ധപിരിവ് നടത്തുന്നത്. 

മാലിന്യസംസ്കരണം ഫലപ്രദമാക്കുന്നതിന്ഹരിതകർമസേനയുടെ പ്രവർത്തനത്തിൽ കൂടുതൽ ഏകോപനവും സുതാര്യതയും ഉറപ്പാക്കണമെന്ന് ഏറ്റുമാനൂർ ശക്തി നഗർ റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ശേഖരണ കലണ്ടർ കൃത്യമായി പാലിക്കുക, ശേഖരണവിവരങ്ങൾ റസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള കൂട്ടായ്മകൾക്ക് മുൻകൂട്ടി കൈമാറുക, പൊതുസ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ഫീസ് പിരിവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുക തുടങ്ങിയ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രസിഡൻ്റ് ബി.സുനിൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. 

മാലിന്യമുക്തമായ പരിസരം ഉറപ്പാക്കുക എന്നത് ഹരിതകർമസേനയുടെ മാത്രം ഉത്തരവാദിത്വമല്ല. നഗരസഭ, ഹരിതകർമസേന, പൊതുജനങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ലക്ഷ്യം കൈവരിക്കാനാകുകയെന്നും യോഗം വിലയിരുത്തി. സെക്രട്ടറി ജി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റുമാരായ ഇ.പി. സലിം, എ.വി. പ്രദീപ് കുമാർ, ജോയിൻ്റ് സെക്രട്ടറിമാരായ എം. എസ്. അപ്പുകുട്ടൻ നായർ, ടി.ജി. രാമചന്ദ്രൻ നായർ, ഭാരവാഹികളായ അമ്മിണി എസ്. നായർ, ജി. ശ്രീകുമാർ, ഹരികുമാർ ജി, ഹരീഷ് നായർ, അരുൺ കുമാർ എന്നിവർ സംസാരിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K