14 October, 2026 11:48:27 AM
ക്ഷേത്രത്തിനുള്ളില് പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കാന് ശ്രമം; പ്രതി പിടിയില്

പൂനെ: പൂനെയിലെ നിഗ്ഡിയിൽ ക്ഷേത്രത്തിനുള്ളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച കരാർ തൊഴിലാളി അറസ്റ്റിൽ. മെട്രോ നിർമ്മാണ സൈറ്റിലെ തൊഴിലാളിയായ വിശാൽ സിംഗ് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശിവക്ഷേത്രത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയ പെൺകുട്ടി തനിച്ചാണെന്ന് കണ്ട പ്രതി, നിർമ്മാണ ജോലികളുടെ യൂണിഫോമിൽ ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടി ധൈര്യപൂർവ്വം ചെറുത്തുനിൽക്കുകയും പ്രതിയെ തള്ളിമാറ്റി രക്ഷപ്പെടുകയുമായിരുന്നു. പെൺകുട്ടി വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ നിഗ്ഡി പൊലീസ് പ്രതിയെ ഉടൻതന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഭാരതീയ ന്യായസംഹിതയിലെ പ്രസക്ത വകുപ്പുകൾക്കും പുറമെ പോക്സോ നിയമപ്രകാരവുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിഗ്ഡി പൊലീസ് സീനിയർ ഇൻസ്പെക്ടർ മഹേഷ് ബൻസോദെയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണവും തുടർനടപടികളും പുരോഗമിക്കുന്നത്.





