17 April, 2025 04:09:17 PM
മക്കളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവം: ദുരൂഹത ആരോപിച്ച് കുടുംബം

ഏറ്റുമാനൂർ : മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്ത അഡ്വ ജിസ് മോളുടെയും മക്കളുടെയും മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ കുടുംബം. ഏപ്രില്‍ 15 ന് ഉച്ചക്ക് ഒന്നര മണിയോടെയാണ് യുവതി മീനച്ചിലാറ്റിൽ ചാടിയത്. അയർകുന്നം നീറിക്കാട് തൊണ്ണംമാവുങ്കൽ ജിമ്മിയുടെ ഭാര്യ ജിസ് മോൾ തോമസ് (32), മക്കളായ നേഹ മരിയ ജിമ്മി (4), നോറ ജിസ് ജിമ്മി (1) എന്നിവരാണ് മരിച്ചത്. പാലാ ബാറിലെ അഭിഭാഷകയും മുത്തോലി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമാണ് ജിസ് മോൾ.
മക്കളുമായി സ്കൂട്ടറിൽ വീടിനടുത്തുള്ള പള്ളിക്കുന്ന് കടവിലേക്ക് പോയ യുവതി അപകടം മേഖലയായ കടവിൽ വാഹനം വെച്ച ശേഷം മക്കളെയും കൂട്ടി വെള്ളത്തിലേക്ക് ചാടിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുഴയുടെ തീരത്ത് ചൂണ്ട ഇടുകയായിരുന്നവരാണ് ആദ്യം അമ്മയെയും മക്കളെയും കണ്ടത്. നാട്ടുകാരും പൊലീസും ചേർന്ന് മൂന്ന് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പുഴയില്‍ ചാടുന്നതിന് മുന്‍പ് യുവതി മക്കൾക്ക് വിഷം കൊടുത്തും സ്വന്തം കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നാട്ടുകാര്‍ ആറ്റില്‍ നിന്ന് ജിസ് മോളെ എക്കുമ്പോള്‍ കൈയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. കൂടാതെ ജിമ്മിയുടെ വീട്ടിലെ ഫാനിന്‍റെ ലീഫുകള്‍ വളഞ്ഞു പുളഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഭർത്താവ് ജിമ്മി, മാതാവ്, സഹോദരി എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചാണ് കുടുംബം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുൻപ് ജിസ് മോൾടെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിതാവ് വന്നു ഒത്തു തീർപ്പ് ആക്കുമായിരുന്നു. പിന്നീട് പിതാവ് വരുന്നതിൽ പ്രശ്നങ്ങൾ ആയതോടെ മകൾ ഭർത്താവ് ഉപദ്രവിക്കുന്ന കാര്യം മറച്ചുവെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അടുത്തിടെ ജെസ്സിമോൾ ഓഫീസ്തുടങ്ങുകയുണ്ടായി. അതിനായി ജിമ്മി സാമ്പത്തികമായി സഹായിച്ചിരുന്നു എന്നാൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം പണം തിരികെ ആവശ്യപ്പെട്ടിരുന്നുവെന്നും സഹോദരന്റെ കൈയിൽ നിന്നും മേടിച്ചു നൽകുകയായിരുന്നെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.
നാണക്കേട് ഭയന്നാണ് ഗാര്‍ഹിക പീഡന വിവരം മകള്‍ പുറത്ത് പറയാതിരുന്നതെന്നും ബന്ധുക്കള്‍ പറയുന്നു. ഞായറായ്ച വൈകുന്നേരം ആ വീട്ടില്‍ എന്തോ വലിയൊരു പ്രശ്‌നം നടന്നിട്ടുണ്ട്. അവര്‍ ചേച്ചിയെ മാനസികമായിട്ടോ എന്തോ ചെയ്തിട്ടുണ്ട്. അത് കണ്ടുപിടിക്കണം. ആ കുടുംബത്തിലുള്ള എല്ലാവര്‍ക്കും പങ്കുണ്ട്. ജിമ്മിയുടെ മൂത്തസഹോദരി എന്റെ ചേച്ചിയെ മാനസികമായി വല്ലാതെ തകര്‍ത്തിട്ടുണ്ട്. അമ്മ, ജിമ്മി തുടങ്ങി എല്ലാവര്‍ക്കും പങ്കുണ്ട് – സഹോദരന്‍ വ്യക്തമാക്കി.
അതേസമയം മകള്‍ക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകുമെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. വിദേശത്തായിരുന്ന അച്ഛന്‍ തോമസും സഹോദരനും ജിറ്റോയും ഇന്നാണ് നാട്ടിലെത്തിയത്. ബന്ധുക്കള്‍ എത്തിയ സാഹചര്യത്തില്‍ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.