28 March, 2025 08:58:57 PM
കുട്ടികളുടെ യാത്ര: എരുമേലി കിസുമം റൂട്ടിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കണം- ബാലാവകാശ കമ്മിഷൻ

കോട്ടയം: കിസുമം ഗവൺമെന്റ്് ഹയർ സെക്കൻഡറി സ്‌കൂളിൽ കുട്ടികൾക്ക് കൃത്യസമയത്ത് എത്തിച്ചേരാനും തിരികെ പോകുവാനും എരുമേലി കിസുമം റൂട്ടിൽ ഗ്രാമവണ്ടി പദ്ധതി നടപ്പാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവായി. ഗോത്ര വർഗക്കാരും പിന്നോക്കാവസ്ഥയിൽനിന്നും വരുന്നവരുമാണ് സ്‌കൂളിൽ പഠിക്കുന്നത്. ഇവരുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കപ്പെടേണ്ടത് തദ്ദേശ അധികാര സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഗ്രാമവണ്ടി പദ്ധതി നടപ്പാക്കുന്നതിന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ നടപടി സ്വീകരിക്കേണ്ടതും ഇതിനാവശ്യമായ ഫണ്ട് വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കേണ്ടതാണെന്നും ബാലാവകാശ കമ്മിഷൻ അംഗം എൻ. സുനന്ദ നിർദ്ദേശിച്ചു. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി റിപ്പോർട്ട് 60 ദിവസത്തിനകം കമ്മിഷന് ലഭ്യമാക്കണം. കുട്ടികൾക്ക് കൃത്യസമയത്ത് സ്‌കൂളിൽ എത്തിച്ചേരാനും തിരികെ പോകുവാനും സാധിക്കാത്തതിനാൽ അധ്യായനം നഷ്ടപ്പെടുന്നതായി കാട്ടി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സമർപ്പിച്ച പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.