19 March, 2025 08:36:14 PM
ബാലാവകാശ സംരക്ഷണത്തിന് സമൂഹത്തിന്‍റെ ജാഗ്രത അനിവാര്യം - ഡോ. അരവിന്ദകുമാര്‍

ഏറ്റുമാനൂർ : വിവിധ മേഖലകളില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ ചെറുക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണെന്ന് മഹാത്മാ ഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ പറഞ്ഞു. പേരൂര്‍ കാസ മരിയ സെന്‍ററില്‍ ബാലാവകാശ നിയമങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് സമൂഹം പുലര്‍ത്തുന്ന ജാഗ്രതയാണ് നാളെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണ കവചമായി മാറുക. കുട്ടികളുടെ സുരക്ഷയ്ക്ക് പല തലങ്ങളില്‍ വെല്ലുവിളികള്‍ ഉയരുന്ന സാഹചര്യത്തില്‍ ബാലാവകാശങ്ങളെക്കുറിച്ചുള്ള അധ്യാപകരുടെ അറിവുകള്‍ വിപുലീകരിക്കുന്നത് ഗുണകരമാകും-ഡോ. അരവിന്ദകുമാര്‍ വിലയിരുത്തി.
കുട്ടികള്‍ക്കെതിരായ ചൂഷണങ്ങള്‍ തടയുന്നതിന് നിലവിലെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ്യ പ്രഭാഷണം നിര്‍വഹിച്ച മലങ്കര സഭ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ് നിര്‍ദേശിച്ചു. വിവിധ തലങ്ങളിലുള്ള ശിശു സംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തണം. വകുപ്പുകളും ഏജന്‍സികളും തമ്മില്‍ ഫലപ്രദമായ ഏകോപനം വേണം. ബോധവത്കരണത്തിന് നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം-അദ്ദേഹം പറഞ്ഞു.
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസ് മേധാവി ഡോ. ജെ.വി. ആശ, അധ്യക്ഷത വഹിച്ചു. ന്യൂയോര്‍ക്ക് ക്ലാര്‍ക്ക്സണ്‍ സര്‍വകലാശാലയിലെ ഡോ. ജീന്‍ എലിസബത്ത് ഡീ വാട്ടേഴ്സ് ഓണ്‍ലൈനില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സംഘാടക സമിതി സെക്രട്ടറി ഡോ. സിബു ജി. നെറ്റോ, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹന്‍, ചെങ്ങന്നൂര്‍ മാര്‍ ഇവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കെ. പിള്ള, പ്രഫ. സജ്ന ജലീല്‍, ഡോ. കെ.വി. മുഹമ്മദ്, ഡോ. എസ്. സ്മിത എന്നിവര്‍ സംസാരിച്ചു.
സ്കൂള്‍ ഓഫ് പെഡഗോജിക്കല്‍ സയന്‍സസിലെ മൗലാനാ അബുള്‍ കലാം ആസാദ് ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ നാഷണല്‍ ഇന്‍റഗ്രേഷന്‍, ചൈല്‍ഡ് റൈറ്റ്സ് സെന്‍റര്‍, ചെങ്ങന്നൂര്‍ മാര്‍ ഇവാനിയോസ് ലോ കോളജ്, സെന്‍റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ചൈല്‍ഡ് റൈറ്റ്സ് ആന്‍റ് ഡവലപ്മെന്‍റ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലന പരിപാടി മാര്‍ച്ച് 28ന് സമാപിക്കും