17 March, 2025 12:13:00 PM
വായനശാലകൾ കാലാനുസൃതമായ മൂല്യബോധന പ്രവർത്തനങ്ങൾക്ക് വേദിയാകണം- അഡ്വ കെ.ഫ്രാൻസിസ് ജോർജ്

ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ് എം എസ് എം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇരുപതാമത് ബാലകലോത്സവ വിജയി കൾക്കുള്ള പുരസ്കാരങ്ങളും വിവിധ എൻഡോവ്മെന്റ് ക്യാഷ് അവാർഡുകളും വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ കണ്ടു വരുന്ന ലഹരിവാസനയും അക്രമ സ്വഭാവങ്ങളും തടയേണ്ടത് നിയമപാലകരുടെ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ വലിയ ഉത്തരവാദിത്വം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.ലൈബ്രറി ശതാബ്ദി ആഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബാലകലോൽസവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സ്കൂളിനുള്ള എവർ റോളിംഗ് ട്രോഫി മേരി മൗണ്ട് പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ റവ സിസ്റ്റർ ലിസ്സി സെബാസ്റ്റ്യൻ ഏറ്റുവാങ്ങി.സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയിൽ, ഫൈൻ ആർട്ട്സ് സൊസൈറ്റി പ്രസിഡന്റ് എൻ അരവിന്ദാക്ഷൻ നായർ, സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ജോയി പൂവം നിൽക്കുന്നതിൽ, സാഹിത്യകാരി ജയശ്രീ പള്ളിക്കൽ, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വി ആർ ജയച്ചന്ദ്രൻ, വി.കെ ജിനചന്ദ്രബാബു, അഡ്വ. മൈക്കിൾ ജയിംസ്, ഡോ വിദ്യ ആർ പണിക്കർ, കൺവീനർ അൻഷാദ് ജമാൽ, എ.പി സുനിൽ, രാജു എബ്രഹാം, ശ്രീ കുമാർ വാലയിൽ എന്നിവർ പ്രസംഗിച്ചു. പ്രശസ്ത കവിയും തിരക്കഥാകൃത്തും ചലചിത്ര സംവിധായകനുമായ എലിക്കുളം ജയകുമാറിനെ യോഗത്തിൽ ആദരിച്ചു. തുടർന്ന് കുട്ടികൾക്കായി അദ്ദേഹം സംവിധാനം ചെയ്ത, മയക്കുമരുന്നിനും ലഹരിയ്ക്കുമെതിരായു ള്ള പ്രതിരോധം തീർക്കുന്ന"മരുന്ന്" എന്ന ഹൃസ്വ ചലച്ചിത്ര പ്രദർശനവും അഭിനേതാക്കളുമായി സംവാദവും നടന്നു.