11 February, 2025 04:44:04 PM
എം.ജി സര്‍വകലാശാലയിലെ യു3എക്ക് അന്തര്‍ദേശിയ അംഗീകാരം

കോട്ടയം: മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം സന്തോഷകരമാക്കി മാറ്റുന്നതിന് ലക്ഷ്യമിടുന്ന ആഗോള കൂട്ടായ്മയായ യൂണിവേഴ്സിറ്റി ഓഫ് ദ തേഡ് ഏജിന്‍റെ മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ യൂണിറ്റിന്(എംജിയു3എ) രാജ്യാന്തര അംഗീകാരം. ഹോങ്കോംഗ് മെട്രോപ്പൊളിറ്റന്‍ യൂണിവേഴ്സിറ്റിയില്‍ മാര്‍ച്ച് 31 മുതല്‍ സംഘടിപ്പിക്കുന്ന അസോസിയേഷന്‍ ഓഫ് ഇന്‍റര്‍നാഷണര്‍ യൂണിവേഴ്സിറ്റീസ് ഓഫ് ദ തേഡ് ഏജിന്‍റെ (എഐയുടിഎ) അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയില്‍നിന്നുള്ള മാതൃകയായി എം.ജി.യു യു3എ അവതരിപ്പിക്കപ്പെടും.
സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറും സിന്‍ഡിക്കേറ്റ് അംഗം ഡോ. കെ.ആര്‍. ബൈജുവും അടങ്ങുന്ന 22 അംഗ സംഘം സര്‍വകലാശാലയെ പ്രതിനിധീകരിക്കും. എംജിയു3എ ഡയറക്ടര്‍ ഡോ. ടോണി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മെന്‍റര്‍ ഡോ. തോമസ് ഏബ്രഹാം ചര്‍ച്ചകള്‍ നയിക്കും.
സമ്മേളനത്തിന്‍റെ ആദ്യ ദിവസം യു3എ കൊല്ലം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ മംഗളേശ്വരി എഴുതി ചിട്ടപ്പെടുത്തിയ എംജിയു3എ തീം സോംഗ് തിരുവാതിര കളിയായി അവതരിപ്പിക്കും.
85ലേറെ രാജ്യങ്ങളില്‍ യു3എ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അംഗങ്ങളുടെ മാനിസിക സാമൂഹ്യ ക്ഷേമം ലക്ഷ്യമിട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ യൂണിറ്റ് നടത്തുന്ന ക്രിയാത്മക ഇടപെടല്‍ പുതു മാതൃകയാണെന്ന് യു3എ ആഗോള പ്രസിഡന്‍റ് ഫ്രാന്‍സ്വാ വെല്ലാസ് വിലയിരുത്തി.
ആഗോളതലത്തില്‍ യു3എയ്ക്ക് രണ്ടു മാതൃകകളാണുള്ളത്. യൂറോപ്പില്‍ പൊതുവെയുള്ള ലൈഫ് ലോംഗ് ലേണിംഗും യുകെയിലെ സീനിയര്‍ സോഷ്യല്‍ ക്ലബും. ഈ രണ്ട് മാതൃകകളുടെയും അന്തസത്ത നിലനിര്‍ത്തി തീം സെന്‍റേഡ് ഇന്‍ററാക്ഷന്‍(ടിസിഐ) രീതി കൂടി ഉള്‍പ്പെടുത്തിയാതാണ് എം.ജി സര്‍വകലാശാലയിലെ യു3എയുടെ പ്രവര്‍ത്തന രീതിയുടെ സവിശേഷത. പ്രവര്‍ത്തനത്തില്‍ ബട്ടര്‍ഫ്ളൈ ഫൗണ്ടേഷന്‍ ഫോര്‍ ടിസിഐ ഇന്‍റര്‍നാഷണലിന്‍റെ സഹകരണവുമുണ്ട്. ടി.സി.ഐുടെ ഫെസിലിറ്റേറ്റര്‍മാരാണ് ജില്ലാതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
2023 മാര്‍ച്ചില്‍ പ്രവര്‍ത്തനമാരംഭിച്ച എംജിയു3എയ്ക്ക് സംസ്ഥാനത്താകെ നിലവില്‍ 150ലധികം യൂണിറ്റുകളും 2500ലധിക അംഗങ്ങളുമുണ്ട്. 55 വയസിനു മുകളിലുള്ളവര്‍ക്കാണ് അംഗത്വം നല്‍കുന്നത്.
അന്താരാഷ്ട്ര സമ്മേളനത്തിനു മുന്നോടിയായുള്ള അവലോകന യോഗം ഫെബ്രുവരി 16ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരിപ്പുറത്ത് നടക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാറിന്‍റെ സാന്നിധ്യത്തില്‍ നടക്കുന്ന യോഗത്തില്‍ എല്ലാ ജില്ലകളിലെയും കോ-ഓര്‍ഡിനേറ്റര്‍മാരും പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ യൂണിറ്റ് ലീഡര്‍മാരും പങ്കെടുക്കും.