07 February, 2025 09:45:02 AM


വൈക്കത്ത് യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

 

വൈക്കം: കോടതിയിൽ സാക്ഷി പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ ആക്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ഭാഗത്ത് വെളുത്തേടത്ത് വെളി വീട്ടിൽ വെളുമ്പൻ എന്ന് വിളിക്കുന്ന സുജിത്ത്  (45), തലയാഴം പുത്തൻപാലം ഭാഗത്ത് കൊട്ടാരത്തിൽ വീട്ടിൽ വിഷ്ണു കെ.എസ് (26), വൈക്കം വെച്ചൂർ മുച്ചൂർക്കാവ് ഭാഗത്ത് കൃഷ്ണവിലാസം വീട്ടിൽ കറുമ്പൻ എന്ന് വിളിക്കുന്ന സലീഷ്  (40) എന്നീവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന  വെച്ചൂർ സ്വദേശിയായ യുവാവിനെ  ഓട്ടോറിക്ഷയിലെത്തിയ ഇവർ വണ്ടിയിൽ കയറ്റി  അടുത്തുള്ള റബർ തോട്ടത്തിൽ കൊണ്ടുപോയി കോടതിയിൽ സാക്ഷി പറഞ്ഞാൽ  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, സംഘം ചേർന്ന് മർദ്ദിക്കുകയും യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോൺ നശിപ്പിക്കുകയുമായിരുന്നു.

യുവാവിന്റെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്ന് വൈക്കം പോലീസ് നടത്തിയ പരിശോധനയിൽ  ഇവർ മൂവരേയും മുച്ചൂർക്കാവ് ഭാഗത്ത് വച്ച് അതിസാഹസികമായി പിടികൂടുകയായിരുന്നു. സുജിത്ത്  പട്ടണക്കാട്,ചേർത്തല, ആലപ്പുഴ നോർത്ത്, വൈക്കം, കാലടി, മണ്ണഞ്ചേരി, കുത്തിയതോട്  എന്നീ സ്റ്റേഷനുകളിലും വിഷ്ണുവും, സലീഷും വൈക്കം സ്റ്റേഷനിലെയും  ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K