23 January, 2026 07:40:31 PM
വൈക്കത്ത് കുടുംബശ്രീ ഭക്ഷ്യമേളയ്ക്ക് നാളെ തുടക്കം

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷന്റെയും നബാർഡിന്റെയും നേതൃത്വത്തിൽ 'കഫെ കുടുംബശ്രീ' ഭക്ഷ്യമേളയ്ക്കു വൈക്കം ബീച്ച് ഗ്രൗണ്ടിൽ ശനിയാഴ്ച (ജനുവരി 24) തുടക്കം. വൈകിട്ട് 3.30ന് വൈക്കം നഗരസഭ ചെയർമാൻ അബ്ദുൽസലാം റാവുത്തർ മേള ഉദ്ഘാടനം ചെയ്യും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ അധ്യക്ഷത വഹിക്കും.
കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളും തനത് ഉൽപ്പന്നങ്ങളുടെയും വിൽപനയും പ്രദർശനവും ഉണ്ടാകും. ലൈവ് ഫുഡ് സ്റ്റാൾ, ലൈവ് ജ്യൂസ് കൗണ്ടറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രാദേശിക രുചികളോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ വിഭവ വൈവിധ്യങ്ങളും സന്ദർശകർക്ക് അനുഭവിച്ചറിയാനാകും. വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ മേളയിൽ പങ്കാളികളാകും. 28 വരെയാണ് ഭക്ഷ്യമേള.
കലാ-സാംസ്‌കാരിക പരിപാടികൾ മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംരംഭ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളുടെ പ്രത്യേകവിഭാഗവും ഒരുക്കിയിട്ടുണ്ട്.






