10 January, 2026 10:06:11 AM


വൈക്കത്ത് സ്കൂട്ടർ മോഷണക്കേസ് പ്രതി മോഷ്ടിച്ച മറ്റൊരു ബൈക്കുമായി പിടിയിൽ



തലയോലപ്പറമ്പ് : സ്‌കൂട്ടർ മോഷണ കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസിന് മുന്നിൽ മോഷ്ടിച്ച മറ്റൊരു ബൈക്കുമായി യുവാവ് പിടിയിൽ. വൈക്കം ചെമ്മനത്തുകര പുത്തൻപറമ്പിൽ അർജുൻ (23) നെയാണ് വൈക്കം സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പി.എസ് ശ്രീജോവ്, ജോസ് മാത്യു, തൃശ്ശൂർ നെടുപുഴ പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ചാലക്കുടിയിൽ നിന്ന് മോഷ്ടിച്ച സ്‌പ്ലെൻഡർ ബൈക്കുമായാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം വൈക്കം ചെമ്മനത്തുകര നാറാണത്ത് പാടശേഖരത്തിന് സമീപത്ത് നിന്ന് ആക്ടീവ സ്‌കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. വൈക്കം പൊലീസിന്റെ അന്വേഷണത്തിൽ കഴിഞ്ഞ ദിവസം തൃശ്ശൂരിലെ നെടുപുഴ സ്റ്റേഷൻ പരിധിയിൽ നിന്ന് മോഷണം പോയതാണ് സ്കൂട്ടറെന്ന് തെളിഞ്ഞു.

മോഷ്ടാവിനെക്കുറിച്ച് നെടുപുഴ പൊലീസിനും സൂചന ലഭിച്ചു. തുടർന്ന് സിനിമ കാണാൻ എത്തിയ യുവാവിനെ തലയോലപ്പറമ്പിൽ നിന്ന് പിടികൂടുകയായിരുന്നു. ബൈക്ക് തലയോലപ്പറമ്പ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിന്റെ ഉടമയെ അന്വേഷിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947